കൊച്ചി∙ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരില്‍ ഒരാള്‍ എന്ന് അറിയപ്പെടുന്ന കെജി ജോർജ് മലയാളിയുടെ ചലച്ചിത്ര ഭാവുകത്വങ്ങളെ അട്ടിമറിച്ച കലാകാരന് കൂടിയാണ്.
മലയാള സിനിമ ചരിത്രത്തെ ‘യവനിക’യ്ക്ക് അപ്പുറവും ഇപ്പുറവുമെന്ന് രചിച്ചിട്ട കെജി ജോർജ് പഞ്ചവടിപ്പാലം, ഇരകള്‍, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങിയ എണ്ണം പറഞ്ഞ സിനിമകളുടെ സംവിധായകനാണ്. മലയാളി അന്നുവരെ കണ്ടിട്ടാല്ലത്ത കഥാപറച്ചില്‍ രീതിയും ആഖ്യാനവുമായിട്ടായിരുന്നു യവനികയുടെ കടന്ന് വരവ്. മലയാള സിനിമയിൽ സ്ത്രീകളെയും അവരുടെ ആത്മസംഘർഷങ്ങളെയും കെജി ജോർജിനെപ്പോലെ ഇത്രമേൽ മനസ്സിലാക്കുകയും വെളിപ്പെടുത്തുകയും ചെയ്ത മറ്റൊരു സംവിധായകനില്ലെന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്.
സംവിധായകന് കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി അനുസ്മരിച്ചു. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു. മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.
മലയാളസിനിമയ്ക്ക് പുതുഭാവുകത്വം പകർന്ന്, ക്ലാസിക്കുകളുടെ ലോകത്തേക്ക് ആസ്വാദകരെ നയിച്ച അതുല്യപ്രതിഭയായിരുന്നു പ്രിയപ്പെട്ട കെ.ജി ജോർജ് സർ എന്നും, മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സംഭാവന ചെയ്തത്. പകരം വെക്കാനില്ലാത്ത ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ എന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.