യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയിൽ യുവജനമന്ത്രിയാകുന്നതിന് താത്പര്യമുള്ള യുവതിയുവാക്കന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് 7 മണിക്കൂറിനുള്ളിൽ 4,700 അപേക്ഷകൾ മന്ത്രി സഭയ്ക്ക് ലഭിച്ചു.
യുവജന പ്രശ്‌നങ്ങളെ പ്രതിനിധീകരിക്കാൻ ഒരു വിശിഷ്ട യുവാവിനെയോ യുവതിയെയോ തിരയുകയാണെന്നും, രാജ്യത്തിന്റെ യുവജനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൻ യുഎഇ കാബിനറ്റിൽ യുവജന മന്ത്രിയാകുമെന്നും പറഞ്ഞു കൊണ്ട് ഷെയ്ഖ് മുഹമ്മദ് ഇന്ന് രാവിലെ X ൽ ഒരു പോസ്റ്റ് ചെയ്തിരുന്നു.
അനുയോജ്യമായ സ്ഥാനാർത്ഥിക്ക് മാതൃരാജ്യ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കണമെന്നും “യുക്തിപരമായ സമീപനം” നിലനിർത്തണമെന്നും “മാതൃരാജ്യത്തെ സേവിക്കുന്നതിൽ അഭിനിവേശമുള്ളവരായിരിക്കണം” എന്നും ഷെയ്ഖ് മുഹമ്മദ് പോസ്റ്റിൽ പറഞ്ഞിരുന്നു. യുവജന മന്ത്രിയാകാൻ കഴിവുള്ളവരോട് അവരുടെ അപേക്ഷകൾ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ContactUs@moca.gov.ae എന്ന വിലാസത്തിൽ അയക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
ഒരു മന്ത്രിസ്ഥാനം പ്രഖ്യാപിക്കുന്നതിനുള്ള പുരോഗമനപരവും സുതാര്യവും ഡിജിറ്റൈസ് ചെയ്തതും ഫലപ്രദവുമായ മാർഗം! ഇതാണ് പ്രവർത്തനത്തിലെ മെറിറ്റോക്രസി. ബ്രാവോ യു.എ.ഇ!” എന്നിങ്ങനെ യുവജനമന്ത്രിയെ കണ്ടെത്താനുള്ള ഷെയ്ഖ് മുഹമ്മദിന്റെ ചിന്താഗതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ മറുപടി പോസ്റ്റുകൾ അയച്ചിരുന്നു.