ദുബായിലെത്തിയ ഒരു കപ്പലിലെ 5 കണ്ടെയ്നറുകളിൽ 651 വാതിലുകളിലും 432 ഗൃഹാലങ്കാര പാനലുകളിലുമായി ഒളിപ്പിച്ചിരുന്ന 13.76 ടൺ മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്ത ഓപ്പറേഷൻ സ്റ്റോമിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒരു ഡോക്യുമെന്ററിയിലൂടെ ദുബായ് പോലീസ് പുറത്ത് വിട്ടു.
3 ബില്യൺ ദിർഹം വിലമതിക്കുന്ന 13 ടൺ ക്യാപ്റ്റഗൺ ഗുളികകൾ കടത്തിയതിന് പിന്നിലുള്ള അന്താരാഷ്ട്ര ക്രൈം സംഘത്തിലെ ആറ് പ്രതികളെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു ചരക്ക് കപ്പൽ വഴി മയക്കുമരുന്ന് അടങ്ങിയ അഞ്ച് കണ്ടെയ്‌നറുകളെക്കുറിച്ചുള്ള സൂചന ലഭിക്കുന്നതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. ഈ കണ്ടെയ്‌നറുകൾ തിരിച്ചറിയാൻ പോലീസ് രഹസ്യമായാണ് പതിയെ നീക്കം തുടങ്ങിയതെന്ന് ആന്റി നാർക്കോട്ടിക് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ ഡോക്യുമെന്ററിയിൽ പറയുന്നു.
കപ്പൽ ദുബായിൽ ഒരു തുറമുഖത്ത് നങ്കൂരമിട്ട ശേഷം, സംശയാസ്പദമായ കണ്ടെയ്നറുകൾ പോലീസ് പിടിച്ചെടുത്ത് തുറന്നു. പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയില്ല. തുടർന്ന് പോലീസ് ചില ഫർണിച്ചർ സാധനങ്ങൾ എക്സ്-റേ സ്കാൻ ചെയ്തു. ഓരോന്നിനും 200 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു. എന്നാൽ എക്സ്-റേ സ്കാനിൽ അതിനകത്ത് ഒട്ടിപിടിച്ചിരിക്കുന്ന രീതിയിൽ ചില കണങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് മയക്കുമരുന്നിന്റെ സാന്നിധ്യം പോലീസ് നായയും തിരിച്ചറിഞ്ഞു.
വാതിലുകളിലും ഫർണിച്ചർ പാനലുകളിലും നൂറുകണക്കിന് വരികളിലായി ഒളിപ്പിച്ച രീതിയിലായിരുന്നു മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്. വാതിലുകളും ഫർണിച്ചർ പാനലുകളും ശ്രദ്ധാപൂർവ്വം പൊളിച്ചാണ് ഗുളികകൾ പുറത്തെടുത്തത്.
പിന്നീട് ഇതിന് പിന്നിലുള്ള പ്രതികളെ കൈയോടെ പിടികൂടുന്നതിനായി കണ്ടെയ്‌നറുകൾ തുറമുഖത്തേക്ക് തിരിച്ചയച്ചു. പോലീസ് ഉദ്യോഗസ്ഥർ 24/7 തുറമുഖത്ത് നിലയുറപ്പിച്ചിരുന്നു. തുടർന്ന് മൂന്ന് കണ്ടെയ്‌നറുകളുടെ ക്ലിയറൻസിനായി അപേക്ഷിച്ചതിനെത്തുടർന്ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു.
പിന്നീട് രണ്ട് കണ്ടെയ്‌നറുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രക്കുകളെ മറ്റൊരു ടാസ്‌ക്‌ഫോഴ്‌സ് പിന്തുടർന്നു. കണ്ടെയ്‌നറുകൾ എടുത്ത സ്ഥലത്ത് എത്തിയ പ്രതിയേയും പോലീസ് പിടികൂടി. മറ്റൊരു എമിറേറ്റിലെ ഗോഡൗണിൽ നിന്ന് മറ്റൊരു പ്രതിയേയും പിടികൂടി. ബാക്കിയുള്ള കണ്ടെയ്‌നറുകൾ നീക്കം ചെയ്യാനെത്തിയ രണ്ട് പ്രതികളെ തുറമുഖത്ത് തടഞ്ഞുവെക്കുകയും ചെയ്തു.
13.76 ടൺ മയക്കുമരുന്ന് ഗുളികകൾ വേർതിരിച്ചെടുക്കാൻ പോലീസിന് നിരവധി ദിവസങ്ങൾ തന്നെ വേണ്ടി വന്നു. ദുബായ് പോലീസ് അടുത്തിടെ നടത്തിയ ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നായിരുന്നു ഇത്.