അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക മേഖലയില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി അറിയിച്ചു. 2028 ആവുമ്പോഴേക്കും ഭക്ഷ്യകാര്‍ഷിക മേഖലകളില്‍ നിന്ന് 10 ബില്യണ്‍ ഡോളര്‍ വരുമാനം നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ദുബായില്‍ നടന്ന അഞ്ചാമത് ഫ്യൂച്ചര്‍ ഫുഡ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. രാജ്യത്ത് കാര്‍ഷിക മേഖല ശക്തിപ്പെട്ടുവരികയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വളര്‍ന്നുവരുന്ന മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച ഏഴ് പ്രധാന കാര്യങ്ങളും വെളിപ്പെടുത്തി.
പ്രാദേശിക കാര്‍ഷികമേഖലയിലെ ആധുനികവത്കരണം, രാജ്യത്തിന്റെ ഭക്ഷ്യ-കാര്‍ഷിക സംസ്‌കാരം മെച്ചപ്പെടുത്തുക, ഭക്ഷ്യ വിതരണ ശൃംഖല ശക്തിപ്പെടുത്തുക, കാര്‍ഷിക സാങ്കേതികവിദ്യയിലും അഭിവൃദ്ധിയിലും രാജ്യത്തെ ലോകത്തിന്റെ മുന്‍നിരയിലെത്തിക്കുന്നതിന് ആവശ്യമായ പിന്തുണയും വിഭവങ്ങളും കര്‍ഷകര്‍ക്ക് നല്‍കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.