ഇറാഖിലെ വടക്കൻ പ്രവിശ്യയായ നിനവേയിൽ വിവാഹ ആഘോഷത്തിനിടെ വൻ തീപിടിത്തമുണ്ടായി നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു വിവരം. 150 ൽ ഏറെ ആളുകൾക്കു പരുക്കേറ്റു. വിവാഹഘോഷത്തിന്റെ ഭാഗമായി നടത്തിയ കരിമരുന്നു പ്രയോഗത്തിനിടെയാണു വിവാഹപ്പന്തലിനു തീ പിടിച്ചത്.
മൊസൂളിൽ നിന്ന് 15 കിലോമീറ്റർ അകലെ ഖരഖോഷ് പട്ടണത്തിലാണു ദുരന്തം. ക്രൈസ്തവ വിവാഹാഘോഷത്തിന്റെ ഭാഗമായി നൃത്തം ആരംഭിക്കവേ പടർന്ന തീയിൽ മേൽക്കൂര കത്തി താഴേക്കു പതിക്കുകയായിരുന്നു. വരനും വധുവിനും അപകടമുണ്ടായോ എന്ന് വ്യക്തമല്ല. ആയിരത്തോളം പേർ ഹാളിലുണ്ടായിരുന്നു.
തീപിടുത്തത്തിൽ ഇരയായവർക്ക് വേണ്ടി ഇറാഖ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് റാഷിദിന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചന സന്ദേശം അയച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സമാനമായ അനുശോചന സന്ദേശങ്ങൾ അയച്ചു.