ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ആദ്യത്തെ ഹൈപ്പർമാർക്കറ്റും ഏറ്റവും വലിയ മാളും തെലങ്കാനയുടെ തലസ്ഥാനത്ത് ആരംഭിച്ചു. തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ ടി രാമറാവുആണ് മാളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ യുഎഇ കോൺസൽ ജനറൽ H.E.ആരെഫ് അൽ നുഐമി ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു കൊടുത്തു.
ഹൈദരാബാദിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശമായ കുക്കട്ട്പള്ളി (Kukatpally)യിലാണ് മെഗാ ഷോപ്പിംഗ് മാൾ സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിലെ ലുലു മാളിന്റെയും ലുലു ഹൈപ്പർമാർക്കറ്റിന്റെയും സമാരംഭം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രൂപ്പിന്റെ പുരോഗമനപരമായ വളർച്ചയ്ക്ക് അടിവരയിടുന്നു, അതിശയകരമായ ഷോപ്പിംഗ് അനുഭവമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായി ഇത് കണക്കാക്കപ്പെടുന്നു.
ലുലു ഗ്രൂപ്പിന്റെ തെലങ്കാനയിലെ ആദ്യ സംരംഭമാണിത്. കഴിഞ്ഞ വർഷം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ വ്യവസായ മന്ത്രി കെ ടി രാമറാവുവിന്റെ സന്ദർശന വേളയിൽ തെലങ്കാന സർക്കാരുമായി ഒപ്പുവച്ച നിരവധി ചർച്ചകളുടെയും ധാരണാപത്രത്തിന്റെയും ഫലമായാണ് ഈ സംരംഭമാരംഭിച്ചത്.