ദോഹയിൽ നടക്കുന്ന ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോ 2023ന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തറിലെത്തി.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെയും അനുഗമിച്ച സംഘത്തെയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയാണ് സ്വാഗതം ചെയ്തത്.
ലോക രാജ്യങ്ങളുടെ പ്രത്യേകിച്ചും മരുഭൂമിവൽക്കരണവും കൃഷി ഭൂമിയുടെയും ജലത്തിന്റെയും ക്ഷാമവും നേരിടുന്ന നിരവധി രാജ്യങ്ങളുടെ പങ്കാളിത്തമാണ് ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോയെ ശ്രദ്ധേയമാക്കുന്നത്.
വിവിധ പരിപാടികൾ ഉൾകൊള്ളുന്ന മേള എന്നതിനപ്പുറം മേഖലയ്ക്കായി നിരവധി ഗവേഷണങ്ങളും പഠനങ്ങളും ഖത്തർ വേദിയാവുന്ന അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ അവതരിപ്പിക്കുന്നു. വിഖ്യാത സർവകലാശാലകൾ, സ്വകാര്യ കമ്പനികൾ എന്നിവയുടെ സഹകരണവും പങ്കാളിത്തവും എക്സ്പോയിലുണ്ടാകും.
ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോ 2023-ൽ, യുഎഇ പവലിയനിലൂടെ “നമ്മുടെ സമൂഹങ്ങളും പ്രകൃതിയും” തമ്മിലുള്ള ശാശ്വതമായ ബന്ധം പ്രകടമാക്കുമെന്ന് സംഘാടകർ പറഞ്ഞു.
ഗാഫ് മരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇടിച്ചുനിരത്തപ്പെട്ട മണ്ണ് ഭിത്തികളും ഈന്തപ്പന-ഇലകളുടെ മേൽക്കൂരയും കൊണ്ട് രൂപകല്പന ചെയ്തതാണ് യുഎഇ പവലിയൻ. സമ്പന്നമായ ഒരു കാർഷിക പാരമ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫലപ്രദമായ സംഭാവനകളുടെയും നവീകരണങ്ങളുടെയും യുഎഇയുടെ നീണ്ട ചരിത്രത്തെ കാണിക്കാനായി യുഎഇയിൽ കാണപ്പെടുന്ന നാടൻ, അഡാപ്റ്റീവ് സസ്യങ്ങൾ നിറഞ്ഞ പൂന്തോട്ടത്താൽ പവലിയൻ പച്ചപിടിപിച്ചിട്ടുമുണ്ട്.
.