പ്രതിവർഷം 100 മില്യണിലേറെ ആളുകൾ സന്ദർശിക്കുന്ന ലോകത്തിന്റെ പ്രിയപ്പെട്ട ഷോപ്പിംഗ് കേന്ദ്രമായ ദുബായ് മാളിൽ ഇനി ലുലുവും!
ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറക്കപ്പെട്ട ആ സമയം ( 9-10- 2023 11am ) ലോകത്തിന്റെ രണ്ട് ‘ ഐകൺസ്’ ഒന്നുചേർന്ന ചരിത്ര മുഹൂർത്തമായി
മാറുകയായിരുന്നു.
അനേകം രാജ്യങ്ങളിൽ നിന്നുള്ളവർ അധിവസിക്കുന്ന ദുബായിൽ, അതിന്റെ കേന്ദ്രസ്ഥാനമെന്ന് ദ്യോതിപ്പിക്കുന്ന ഡൗൺ ടൗണിന്റെ രാജ്യാന്തര അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന ലോകൈക നിലവാരത്തിലാണ് ലൂലൂ സജ്ജമായിട്ടുള്ളത്.
യൂ എ ഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അലി സെയൂദി യാണ് ദുബായ് മാളിൽ (സബീൽ പാർക്കിങ് 6 )സ്ഥാപിതമായ ലുലു ഹൈപ്പർ മാർക്കറ്റ് ലോകത്തിനായി തുറന്നു നൽകിയത്.
ഇമ്മാർ പ്രോപ്പർടീസ് ചെയർമാൻ ജമാൽ ബിൻ താനിയും ലുലു ഗ്രൂപ്പ് ചെയര്മാൻ യുസഫ് അലിയും ഉൾപ്പെടെയുള്ള പ്രമുഖരുടെ ഒരു വൻ നിരതന്നെ ഈ അപൂർവ്വ സുന്ദരമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നു.
72, 000 ചതുരശ്രയടി വിസ്തൃതിയിൽ മനോഹാരിത തുളുമ്പുന്ന അകത്തള അലങ്കാരങ്ങളോടെ പടർന്നു കിടക്കുന്ന
“ദുബായ് മാൾ ലുലു ഹൈപ്പർ മാർക്കറ്റ് ” അനന്യവും അസാധാരണവുമായ അനുഭവങ്ങളാണ് സന്ദർശകർക്കായി ഒരുക്കി വച്ചിട്ടുള്ളത്.
“ലോകത്തിന്റെ തന്നെ ഷോപ്പിംഗ് ഡെസ്റ്റിനേഷനായ ദുബായ് മാളിൽ, അതിന്റെ പ്രശസ്തിക്കും ഔന്നത്യത്തിനും അനുയോജ്യമാം വിധം, രാജ്യാന്തര നിലവാരത്തിൽ ഇങ്ങനൊരു സ്റ്റോർ തുറക്കാനായതിൽ ഏറെ അഭിമാനമുണ്ട്.” യൂസഫലി ഉത്ഘാടനത്തിന് എത്തിച്ചേർന്ന ജനാവലിക്കു മുൻപാകെ ആഹ്ലാദത്തോടെ പറഞ്ഞു.
പ്രമുഖ റീട്ടെയിലറായ ലുലു, മലേഷ്യയിൽ ആറ് ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്നും അതിനായി
മലേഷ്യൻപ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയതായും യൂസഫലി അറിയിച്ചു.