യുഎഇയിൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നവർ പോലീസ് പട്രോളിംഗിനെയോ ഉദ്യോഗസ്ഥരെയോ കാണുമ്പോൾ ഫോൺ താഴ്ത്തിപിടിക്കുന്നതായി പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എത്ര മുന്നറിയിപ്പ് നൽകിയിട്ടും നിയമം പാലിക്കാത്ത ഇത്തരക്കാർ വിചാരിക്കുന്നത് ഫോൺ താഴ്ത്തിപിടിച്ചാൽ പിടിക്കപ്പെടില്ലെന്നാണെന്ന് അധികൃതർ പറയുന്നു.
എന്നാൽ യുഎഇയിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നത് ഉദ്യോഗസ്ഥർ മാത്രമല്ല. കുറ്റവാളികളെ കണ്ടെത്താനും പിഴ ചുമത്താനും പോലീസ് സാങ്കേതികവിദ്യയും റഡാറുകളും നിരീക്ഷണ ക്യാമറകളും ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ വീണ്ടും ഓർമ്മപ്പെടുത്തി. ഇവിടെ നിരീക്ഷണ ക്യാമറകളൊന്നും ഉണ്ടായിരിക്കില്ലെന്ന ഇത്തരക്കാരുടെ വിശ്വാസം അപകടങ്ങളിലേക്കും പിഴകളിലേക്കും എത്തിക്കുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുമ്പോൾ റഡാറുകളും നിരീക്ഷണ ക്യാമറകളും അത് സ്വയം കണ്ടെത്തുന്ന ഒരു വീഡിയോയും പോലീസ് അടുത്തിടെ പങ്കിട്ടിരുന്നു. ട്രാഫിക് ജംഗ്ഷനുകളിലും വളവുകളിലും ക്രോസിംഗുകളിലും നിയമലംഘകരെ പിടികൂടുന്നത് വീഡിയോയിൽ കാണാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകണ്ണുകൾ ഫോണുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാരെ സൂം ഇൻ ചെയ്യുകയാണ് ചെയ്യുന്നത്.
ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റും ലഭിക്കും.
ഫോൺ ഉപയോഗം എത്രമാത്രം ശ്രദ്ധ തിരിക്കുന്നതും അപകടകരവുമാണെന്ന് എടുത്തുകാണിക്കുന്ന ഒന്നിലധികം ബോധവൽക്കരണ കാമ്പെയ്‌നുകൾ ദുബായ് പോലീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ 99 അപകടങ്ങളിലായി ആറ് പേരാണ് ”ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം” മൂലം മരിച്ചത്. ഇക്കാലയളവിൽ 35,527 നിയമലംഘനങ്ങളാണ് പോലീസ് രേഖപ്പെടുത്തിയത്.
https://twitter.com/DubaiPoliceHQ/status/1710264121881452572