ഇന്ത്യ-പാക്കിസ്ഥാന് ലോകകപ്പ് പോരാട്ടം ഇന്ന് നടക്കും. ഇന്ത്യൻ സമയം 2 (യുഎഇ സമയം 12.30) മണിക്കാണ് മത്സരം. മത്സരത്തിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തയ്യാറായിക്കഴിഞ്ഞു. ഒരുലക്ഷത്തിന് മുകളിൽ കാണികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന സ്റ്റേഡിയം ഇന്ന് നിറഞ്ഞുകവിയുമെന്ന കാര്യമുറപ്പാണ്.
പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യന്‍ താരം ശുഭ്മാൻ ഗിൽ ആദ്യഇലവനിൽ ഉണ്ടാകുമെന്ന സൂചനയാണ് ക്യാപ്റ്റൻ രോഹിത് ശർമ പങ്കുവെച്ചത്.
നേര്‍ക്കുനേര്‍ വരുമ്പോഴെല്ലാം ആവേശം ഉച്ഛസ്ഥായിലെത്തുന്ന മത്സരം ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖമെത്തുമ്പോൾ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുകൂട്ടരും പ്രതീക്ഷിക്കുന്നില്ല. ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരായ ജയം പാക്കിസ്ഥാന് ഇന്നും കിട്ടാക്കനിയാണ്. ആ മധുരം തേടിയാണ് ബാബർ അസം പട നയിച്ചെത്തുന്നത്.
ഇത്തവണത്തെ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ചാണ് ഇന്ത്യയും പാകിസ്താനും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. മിന്നും ഫോമിലുള്ള ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഒരു കിടിലൻ മത്സരം തന്നെ ക്രിക്കറ്റ് പ്രേമികൾക്ക് കാണാം.