ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് യുഎഇയിലെ നാല് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികൾ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അടച്ചുപൂട്ടിച്ചു. ഏജൻസികളുടെ ഉടമകൾക്ക് 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു.
അൽ ഐൻ ആസ്ഥാനമായുള്ള നാല് ഏജൻസികളാണ് ലൈസൻസില്ലാതെ പ്രവർത്തിച്ചത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളിലെ ഗാർഹിക തൊഴിലാളികൾക്ക് താത്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. തൊഴിലാളികളെ പിന്നീട് അംഗീകൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി, അബുദാബി അൽ ഐൻ ശാഖയിലെ സാമ്പത്തിക വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് രണ്ടാഴ്ച മുമ്പ് ഏജൻസികൾ പിടിയിലായത്.
ഈ നാലെണ്ണം അടക്കം ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് 2022 മുതൽ ഇന്നുവരെ മൊത്തം 45 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കും ഗാർഹിക തൊഴിലാളി ഏജൻസികൾക്കും മന്ത്രാലയം പിഴ ചുമത്തിയിട്ടുണ്ട്.