ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ആൻഡ് സ്റ്റാർട്ടപ്പ് എക്‌സിബിഷനായ ജൈറ്റക്സ് ഗ്ലോബലിന്റെ 43-ാമത് എഡിഷന് ഇന്ന് തിങ്കളാഴ്ച്ച ഒക്‌ടോബർ16 ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും.
ലോകത്തിലെ ഏറ്റവുംമികച്ച നൂതന സ്മാർട്ട് സാങ്കേതികപ്രദർശനങ്ങളിൽ ഒന്നായ ജൈറ്റക്സിൽ യുഎഇയിലെ ഒട്ടുമിക്ക സർക്കാർസ്ഥാപനങ്ങളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സ്ഥാപനങ്ങളും അവരുടെ നൂതന സ്മാർട്ട് സംവിധാനങ്ങൾ പരിചയപ്പെടുത്തും. 2023 നെ എല്ലാത്തിലും AI സങ്കൽപ്പ വർഷമായി അടയാളപ്പെടുത്തുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള നിരവധി സാങ്കേതികവിദ്യകളും ജൈറ്റക്‌സിൽ അവതരിപ്പിക്കും. ഒക്‌ടോബർ 16 മുതൽ 20 വരെ അഞ്ച് ദിവസത്തെ പരിപാടിയിൽ ആയിരക്കണക്കിന് സന്ദർശകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടിക്കറ്റുകളോ, നോൾ കാർഡോ , ക്രെഡിറ്റ് കാർഡുകളോ ഇല്ലാതെ മുഖം കാണിച്ചുകൊണ്ട് ദുബായിൽ ദുബായ് മെട്രോ, ട്രാം, ബസുകൾ, ടാക്‌സികൾ, മറൈൻ ഗതാഗതം എന്നിവ ഉപയോഗിക്കാനാകുന്ന സ്മാർട്ട് ഗേറ്റ് ജൈറ്റക്സിൽ പ്രദർശിപ്പിക്കുമെന്നും ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചിട്ടുണ്ട്.
ജൈറ്റക്സ് ഉദ്ഘാടന ദിനമായതിനാൽ ഇന്ന് ഷെയ്ഖ് സായിദ് റോഡിൽ വേൾഡ് ട്രേഡ് സെന്റർ പരിസരത്ത് ഗതാഗത കുരുക്കിനുള്ള സാധ്യതയുണ്ട്. പാർക്കിങ്. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതായിരിക്കും വേഗം എത്തിപ്പെടാൻ സൗകര്യം.