ചൈനയിൽ ഓട്ടോണമസ് ഡ്രൈവിംഗ് ഹെവി-ഡ്യൂട്ടി ട്രക്കുകൾ നിർമ്മിക്കുന്ന ഇൻസെപ്റ്റിയോ ടെക്‌നോളജി, അടുത്ത 12 മാസത്തിനുള്ളിൽ ഗൾഫ് മേഖലയിൽ തങ്ങളുടെ ട്രക്കുകളുടെ ട്രയൽ റൺ ആരംഭിക്കാൻ പദ്ധതിയിടുന്നു.
അടുത്ത 24 മാസത്തിനുള്ളിൽ ഡ്രൈവറില്ലാ ട്രക്കുകളുടെ വാണിജ്യവൽക്കരണം ഇവിടെ നടക്കാൻ സാധ്യതയുണ്ട്. സൗദി അറേബ്യ ഒരു വലിയ വിപണിയായിരിക്കെ പ്രതിഭകളെ കണ്ടെത്തുന്നതിനും ബിസിനസ്സ് അടിത്തറയായി ഉപയോഗിക്കുന്നതിനും യുഎഇ കൂടുതൽ സൗകര്യപ്രദമാണെന്നും, ഇൻസെപ്റ്റിയോ ടെക്‌നോളജിക്ക് യുഎഇയിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ബേസ് സ്ഥാപിക്കാൻ കഴിയുമെന്നും ഇൻസെപ്റ്റിയോ ടെക്‌നോളജി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജൂലിയൻ മാ പറഞ്ഞു.
ദുബായിൽ നടക്കുന്ന ജൈറ്റക്‌സ് എക്സിബിഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രയൽ റൺ കാലയളവിലെ ഏറ്റവും ആകർഷകമായ രാജ്യങ്ങൾ യുഎഇയും സൗദിയും ആണെന്ന് അദ്ദേഹം പറഞ്ഞു. കമ്പനി 700-ലധികം യൂണിറ്റുകൾ ചൈനയിൽ വിന്യസിച്ചിട്ടുണ്ടെന്നും ചൈനയിൽ ആദ്യ വർഷത്തിനുള്ളിൽ ഏകദേശം 56 മില്യൺ കിലോമീറ്റർ അപകടരഹിതമായി ട്രക്കുകൾ ഓടിയതായും ചൈനയിലെ ഹൈവേകളിൽ 75 ശതമാനവും ഇത്തരത്തിലുള്ള ട്രക്കുകളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭാവി വികസനത്തിനായുള്ള ഞങ്ങളുടെ അടുത്ത മാർക്കറ്റും സാങ്കേതിക കേന്ദ്രവും ആയി ഞങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയെ ഗൗരവമായി വീക്ഷിക്കുന്നു. ഏതാണ്ട് ഒരു വർഷത്തോളമായി സാധ്യതയുള്ള സാങ്കേതികവിദ്യയും വിതരണ പങ്കാളികളുമായി ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും ജൂലിയൻ മാ പറഞ്ഞു.
കടപ്പാട് : ഖലീജ്‌ടൈംസ്