ബുർജ് പാർക്കിൽ നിന്നുകൊണ്ട് ബുർജ് ഖലീഫയിലെ പുതുവർഷ രാവ് വെടിക്കെട്ട് പ്രദർശനം കാണാൻ യുഎഇയിലെ താമസക്കാരും സന്ദർശകരും ഇനി ടിക്കറ്റ് എടുക്കണമെന്ന് എമാർ പ്രോപ്പർട്ടീസ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുർജ് ഖലീഫയിലെ പുതുവത്സരാഘോഷം ബുർജ് പാർക്കിലെ മുൻനിരയിൽ കാണാൻ മുതിർന്നവർക്ക് 300 ദിർഹമായിരിക്കും നിരക്ക്. 5 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനത്തിന് 150 ദിർഹവും, 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവുമായിരിക്കും.
നവംബർ 10-ന് പ്ലാറ്റിനം ലിസ്റ്റിൽ ടിക്കറ്റുകൾ വിൽപ്പനയ്‌ക്കെത്തും. ടിക്കറ്റ് എടുക്കുന്നവർക്ക് ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, ദുബായ് മറീന മാൾ എന്നിവിടങ്ങളിൽ നിന്ന് 2023 ഡിസംബർ 26 മുതൽ 30 വരെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 മണി വരെ ബാഡ്ജുകൾ ശേഖരിക്കാനാകും. ഈ ടിക്കറ്റിൽ ചില ഭക്ഷണശാലകളിൽ നിന്നുള്ള ഒരു ഭക്ഷണവും രണ്ട് പാനീയങ്ങളും ലഭിക്കും.
ഈ ബാഡ്ജുകൾ ബുർജ് പാർക്കിലേക്കുള്ള പ്രവേശനത്തിനും പ്രത്യേക പ്രദേശങ്ങളിലേക്കുള്ള പ്രവേശനത്തിനും നിർബന്ധമാണ്. ബുർജ് പാർക്ക് ഡിസംബർ 31 ന് വൈകുന്നേരം 4 മണിക്കാണ് തുറക്കുക. വിവിധതരം ഭക്ഷണ ട്രക്കുകൾ, സ്റ്റാളുകൾ, ലൈവ് പ്രകടനങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയും ബുർജ് പാർക്കിൽ ഉണ്ടാകും.