കൽബയിൽ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തിൽ കുടുംബാംഗങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ വീരോചിതമായ പങ്ക് വഹിച്ച 10 വയസ്സുള്ള എമിറാത്തി വിദ്യാർത്ഥിയായ അഹമ്മദ് ഹൈതം അൽ നഖ്ബിയെ ഷാർജ പോലീസ് ആദരിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഷാർജയിലെ കൽബ ഏരിയയിലെ വസതിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ നിന്നാണ് അഹമ്മദ് തന്റെ കുടുംബത്തെ രക്ഷിച്ചത്.
സ്കൂളിൽ പോകാൻ സമയമായെന്ന് കരുതി സമയം തെറ്റി ഉറക്കമുണർന്നപ്പോൾ കിടപ്പുമുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ അഹമ്മദ് ഉടൻ തന്നെ പിതാവ് ഹൈതം അഹമ്മദ് അൽ നഖ്ബിയെ വിവരമറിയിക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയിൽ അഹമ്മദിന്റെ കട്ടിലിന് മുകളിൽ സ്ഥിതി ചെയ്യുന്ന മുറിയിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്ന് അതിവേഗം തീ പടരുന്നത് പിതാവ് കണ്ടെത്തി.
പിന്നീട് പിതാവ് തന്റെ മക്കളെയും ഭാര്യയെയും മുറിയിൽ നിന്ന് ഒഴിപ്പിച്ച് കുറച്ചകലെ പാർക്ക് ചെയ്തിരുന്ന തന്റെ കാറിൽ ഇരുത്തുകയായിരുന്നു. തന്റെ മകന്റെ പെട്ടെന്നുള്ള ഈ നടപടിയാണ് എല്ലാവർക്കും തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാനായതെന്ന് പിതാവ് പറഞ്ഞു. 10 വയസ്സുകാരനായ മകന്റെ സമയോചിതമായ ഇടപെടലിനാണ് ഷാർജ പോലീസ് ആദരവ് നൽകിയത്.