യുഎഇയിലെ റാസൽഖൈമയിലേക്കുള്ള സർവീസുകൾ ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു. നവംബർ 1 മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനം, എയർബസ് A 320, നവംബർ 1 ന് രാത്രി 10 മണിക്ക് ശേഷം റാസൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
റാസൽഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെ (RAKTDA) എമിറേറ്റിലേക്കുള്ള ആഗോള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി ഖത്തർ എയർവേയ്സുമായുള്ള പങ്കാളിത്തം റാസൽഖൈമയിലേക്കുള്ള അന്താരാഷ്ട്ര യാത്രയെ ശക്തിപ്പെടുത്തും. എമിറേറ്റ് പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് മികച്ച തിരഞ്ഞെടുപ്പും വഴക്കവും അവസരങ്ങളും ഈ ഫ്ലൈറ്റുകൾ പ്രദാനം ചെയ്യും, യൂറോപ്യൻ നഗരങ്ങളിൽ നിന്നുള്ള വൺ-സ്റ്റോപ്പ് കണക്ഷനുകൾ ഉൾപ്പെടെയുള്ളവ പ്രയോജനപ്പെടുത്തി റാസൽ ഖൈമയിലേക്കുള്ള സാധ്യതകൾ പരിപോഷിപ്പിക്കാനാവുമെന്നാണ് എമിറേറ്റ് അതോറിറ്റി കരുതുന്നത്.
ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരുമണിക്കൂർ മാത്രമാണ് റാസൽ ഖൈമയിലേക്കുള്ള സമയം. നിലവിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്ക് ഖത്തർ എയർവേയ്സ് സർവീസുണ്ട്.
സൗദി അറേബ്യയിലേക്കും പുതിയ സർവീസുകൾ തുടങ്ങുകയും നിർത്തലാക്കിയവ പുനരാരംഭിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം അവസാനം സൗദിയിലെ അൽ ഉലയിലേയ്ക്ക് ഖത്തർ എയർവേയ്സ് സർവീസ് തുടക്കമിട്ടിരുന്നു. ആഴ്ചയിൽ 2 സർവീസാണുള്ളത്.