നിരവധി രാജ്യങ്ങളിലെ ബിസിനസുകൾ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകൾ നടത്തിയ 43 പേരടങ്ങുന്ന അന്താരാഷ്ട്ര സിൻഡിക്കേറ്റ് സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഘം വിവിധ കമ്പനി സിഇഒമാരുടെ ഇമെയിലുകൾ ഹാക്ക് ചെയ്യുകയും ബ്രാഞ്ച് മാനേജർമാർക്ക് മെയിലുകൾ അയക്കുകയും അവരെ കബളിപ്പിച്ച് പണം കൈമാറുകയും ചെയ്യുകയായിരുന്നു.
‘‘Monopoly’ എന്ന രഹസ്യനാമത്തിലുള്ള ഓപ്പറേഷനിലൂടെയാണ് ദുബായ് പോലീസ് 43 പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടാതെ യുഎഇക്ക് പുറത്തുള്ള സംഘത്തലവനെയും ഇയാളുടെ 20 കൂട്ടാളികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒരു ഏഷ്യൻ രാജ്യത്തെ ഒരു കമ്പനിയുടെ അഭിഭാഷകൻ സേനയുടെ സൈബർ ക്രൈം വിരുദ്ധ പ്ലാറ്റ്ഫോമായ e-crime.ae വഴി പരാതി നൽകിയപ്പോഴാണ് പോലീസ് ഓപ്പറേഷൻ Monopoly ആരംഭിച്ചത്.
ഈ സംഘം കമ്പനിയുടെ സിഇഒയുടെ ഇമെയിൽ ഹാക്ക് ചെയ്യുകയും ആൾമാറാട്ടം നടത്തുകയും ദുബായിലെ ഒരു ബാങ്കിലെ അക്കൗണ്ടിലേക്ക് ഏകദേശം 19 മില്യൺ ഡോളർ ട്രാൻസ്ഫർ ചെയ്യാൻ അക്കൗണ്ട്സ് മാനേജരോട് നിർദേശിക്കുകയും ചെയ്തതായി ദുബായ് പോലീസ് കണ്ടെത്തി. 36 മില്യൺ ഡോളറിന്റെ സംഘത്തിന്റെ രണ്ട് ഘട്ട കൈമാറ്റവും പോലീസിന്റെ സുരക്ഷാ ഓപ്പറേഷൻ കണ്ടെത്തി.