ദുബായിൽ വിവിധ സർക്കാർ വകുപ്പുകളിലും സ്വകാര്യ സ്‌കൂളുകളിലും ലേബർ താമസ സൗകര്യങ്ങളിലും സീസണൽ ഇൻഫ്ലുവൻസയ്‌ക്കെതിരെ വാക്‌സിനേഷൻ നൽകുന്നതിനുള്ള വിപുലമായ കാമ്പയിൻ തുടരുകയാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.
സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ വർധിപ്പിക്കുന്നതിനും പകർച്ചവ്യാധികളുടെ വ്യാപനം കുറയ്ക്കുന്നതിനുമായി ഡിഎച്ച്എ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഫെബ്രുവരി അവസാനം വരെ നീളുന്ന ഈ കാമ്പയിൻ. ശൈത്യകാലത്ത് ഇൻഫ്ലുവൻസ ഒരു സാധാരണ രോഗമാണ്, ഇത് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഗുരുതരമായ ലക്ഷണങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്.
ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കുന്നതിന് മുൻകൈയെടുക്കാൻ സമൂഹത്തിലെ എല്ലാ വ്യക്തികളോടും അതോറിറ്റി അഭ്യർത്ഥിച്ചു. ഗർഭിണികൾ, 6 മാസം മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ, 65 വയസ്സിനു മുകളിലുള്ള മുതിർന്ന വ്യക്തികൾ, ഹൃദയം, ശ്വാസകോശം, വൃക്ക, കരൾ, കരൾ രോഗങ്ങൾ, വിട്ടുമാറാത്ത രക്ത സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ആരോഗ്യപ്രവർത്തകർ എന്നിവർ നിർബന്ധമായും വാക്സിൻ എടുക്കണം.