ഇസ്രായേലിന്റെ മനുഷ്യത്വരഹിത ആക്രമണങ്ങളെ യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ യുഎഇ ശക്തമായി അപലപിച്ചു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇതിനകം ഗാസയിൽ 11,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിൽ 1200 ആളുകളും കൊല്ലപ്പെട്ടു.
യുഎഇയുടെ യുഎൻ സുരക്ഷാ കൗൺസിലെ സ്ഥിരം പ്രതിനിധി ലാന നുസൈബെയാണ് യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ ഇസ്രായേലിന്റെ ആനുപാതികമല്ലാത്തതും ക്രൂരവും മനുഷ്യത്വരഹിതവുമായ ആക്രമണങ്ങളെ അപലപിക്കുകയും ഗാസയിലെ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള വികാരാധീനമായ അഭ്യർത്ഥന പുറപ്പെടുവിക്കുകയും ചെയ്തത്. അഞ്ച് ആഴ്ചക്കുള്ളിൽ നിരപരാധികളായ സാധാരണക്കാരാണ് ഈ യുദ്ധത്തിൽ വില കൊടുക്കേണ്ടിവന്നതെന്ന് യോഗത്തിൽ അവർ പറഞ്ഞു.
ഇസ്രായേൽ-ഗാസ സംഘർഷത്തിനിടെ നഷ്ടപ്പെട്ട എല്ലാ ജീവനുകൾക്കും വേണ്ടി ഒരു നിമിഷം നിശബ്ദത പാലിക്കാനും അവർ യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ ആഹ്വാനം ചെയ്തു.