ഇന്ന് നവംബർ 13 ന് ദുബായിൽ ആരംഭിച്ച എയർഷോയിൽ 11 ബില്യൺ ഡോളർ (40.37 ബില്യൺ ദിർഹം) വിലമതിക്കുന്ന 30 ബോയിംഗ് 787-9 ഡ്രീംലൈനറുകൾക്ക് ഓർഡർ നൽകിയതായി ഫ്ലൈ ദുബായ് അറിയിച്ചു. എയർഷോയുടെ ആദ്യ ദിവസമായ ഇന്ന് ഫ്ലൈ ദുബായ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമാണ് ഈ കരാർ പ്രഖ്യാപിച്ചത്.
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിലെ ആദ്യ ഉപ ഭരണാധികാരിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഈ പ്രഖ്യാപനത്തിൽ പങ്കെടുത്തിരുന്നു.
52 ബില്യൺ ഡോളർ (191 ബില്യൺ ദിർഹം) വിലമതിക്കുന്ന 95 ബോയിംഗ് വിമാനങ്ങൾക്കായി ദുബായുടെ എമിറേറ്റ്സ് മെഗാ ഓർഡർ നൽകിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ഫ്ലൈദുബായുടെ ഈ പുതിയ ഓർഡർ പ്രഖ്യാപിച്ചത്. 2008-ൽ 50 ബോയിംഗ് 737 വിമാനങ്ങൾക്ക് ഫ്ലൈ ദുബായ് ആദ്യമായി ഓർഡർ നൽകിയിരുന്നു.