ദുബായിൽ മൂന്നാഴ്ചയ്ക്കുള്ളിൽ 3ഡി പ്രിന്റഡ് അബ്രകൾ നിർമിക്കാനൊരുങ്ങി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി.
സമ്പന്നമായ പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട്, ഉൽപാദന സമയം ഗണ്യമായി കുറയ്ക്കുന്നതിന് മൂന്നാഴ്ചയ്ക്കുള്ളിൽ 3D-പ്രിന്റ് അബ്രകൾ നിർമ്മിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നിലവിൽ 6-7 മാസമെടുത്താണ് അബ്രകൾ നിർമ്മിക്കുന്നത്.
പരിസ്ഥിതി സൗഹൃദമായ വൈദ്യുതോത്പാദന ബോട്ട് വിലകുറഞ്ഞതായി വരുമെന്ന് മാത്രമല്ല നിർമ്മാണച്ചെലവ് 30 ശതമാനം കുറയുമെന്ന് അതോറിറ്റി പ്രതീക്ഷിക്കുന്നു. മാത്രമല്ല പരമ്പരാഗത അബ്രകളുടെ പൈതൃക സ്വത്വം നിലനിർത്തുകയും ചെയ്യുമെന്ന് ആർടിഎ പറയുന്നു.
ബുധനാഴ്ച ദുബായിൽ ആരംഭിച്ച ത്രിദിന വാട്ടർ, എനർജി, ടെക്‌നോളജി, എൻവയോൺമെന്റ് എക്‌സിബിഷൻ (വെറ്റെക്‌സ്), ദുബായ് സോളാർ എനർജി (ഡിഎസ്എസ്) ഷോയിൽ 3D-അബ്രയുടെ ഒരു മോഡൽ നിലവിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പുനരുപയോഗിക്കാവുന്ന ഓർഗാനിക് നാരുകളിൽ നിന്ന് നിർമ്മിച്ച ഫൈബർ-റൈൻഫോഴ്സ്ഡ് തെർമോപ്ലാസ്റ്റിക് ഉപയോഗിച്ച് അബ്രകൾ 2024-ന്റെ ആദ്യ പാദത്തോടെ നിർമ്മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.