അൽ കൽബ ഹോസ്പിറ്റൽ കേന്ദ്രം ഏറ്റവും മോശം റേറ്റിംഗുള്ള സർക്കാർ സേവനങ്ങളിലൊന്നാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹോസ്പിറ്റലിന്റെ ഡയറക്ടറെ മാറ്റാൻ ഉത്തരവിട്ടു.
എമിറേറ്റ്സ് ഹെൽത്ത് ഫൗണ്ടേഷൻ ഡയറക്ടർ ജനറലിനോട് അടുത്ത മാസം ആശുപത്രിയിൽ ഹാജരായി സേവനങ്ങൾ മെച്ചപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആരായിരിക്കും പുതിയ ഡയറക്ടർ എന്ന് വെളിപ്പെടുത്തിയിട്ടില്ല.
യുഎഇയിലെ ഏറ്റവും മികച്ചതും മോശപ്പെട്ടതുമായി വിലയിരുത്തപ്പെട്ട ഏറ്റവും പുതിയ സർക്കാർ സേവനങ്ങൾ ഷെയ്ഖ് മുഹമ്മദ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം വന്നത്.
റാസൽഖൈമയിലെ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയത്തിന്റെ സേവന കേന്ദ്രത്തിനും മോശം വിലയിരുത്തലാണ് ലഭിച്ചത്. ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന സർവീസുകൾ മെച്ചപ്പെടുത്താൻ 60 ദിവസത്തെ സമയം നൽകുമെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. കേന്ദ്രങ്ങളിലെ ജീവനക്കാരെ മെച്ചപ്പെടുത്തിയില്ലെങ്കിൽ അവരുടെ തൊഴിൽ കരാറുകൾ അവസാനിപ്പിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യും.