2026ഓടെ ആദ്യത്തെ റഡാർ സാറ്റലൈറ്റ് വിക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ സാറ്റലൈറ്റ് വികസിപ്പിക്കുന്നതിനായി ഒരു വ്യവസായിക കൺസോർഷ്യം പദ്ധതി രൂപീകരിച്ചതായി യുഎഇ ബഹിരാകാശ ഏജൻസി അറിയിച്ചു.
2022ൽ പ്രഖ്യാപിച്ച ‘സിർബ്’ പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഘട്ടം ആരംഭിച്ചതായി അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാനും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ്ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂമും ചേർന്നാണ് പ്രഖ്യാപിച്ചത്.
ചടങ്ങിൽ പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും സാറ്റലൈറ്റ് പ്രോഗ്രാമിൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും ഇരുവരും അവലോകനം ചെയ്തു. മൂന്ന് സിന്തറ്റിക് അപ്പേർച്ചർ റഡാർ ((SAR) ഉപഗ്രഹങ്ങൾ വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കാലാവസ്ഥ വ്യതിയാനം അടക്കമുള്ളവ വിലയിരുത്താനും ഭൂമിയുടെ ഉപരിതല മാറ്റങ്ങൾ മനസ്സിലാക്കാവുന്ന രൂപത്തിൽ ചിത്രങ്ങൾ പകർത്താനും സാറ്റലൈറ്റുകൾക്ക് സാധിക്കും. റഡാർ ഉപഗ്രഹങ്ങൾക്ക് രാവും പകലും, അന്തരീക്ഷ സാഹചര്യങ്ങൾ പരിഗണിക്കാതെ ചിത്രങ്ങൾ പകർത്താനുള്ള കഴിവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
ദേശീയ കമ്പനികൾക്കും സ്വകാര്യ മേഖലയ്ക്കും അവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സാറ്റലൈറ്റുകൾ നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ആഗോള ഹബ്ബായി യുഎഇ മാറുമെന്നും ബഹിരാകാശ മേഖലയിലെ പ്രാദേശിക വൈദഗ്ധ്യം വർദ്ധിപ്പിക്കുമെന്നും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് പറഞ്ഞു.