എയർ അറേബ്യയുടെ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുകൾ ഇന്ന് മുതൽ ആരംഭിച്ചു.
ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് വിമാന സർവീസ് ഉണ്ടായിരിക്കുക. യുഎഇ സമയം ഉച്ചയ്ക്ക് 2.55ന് റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട്ടെത്തും. രാത്രി 8.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന മടക്ക വിമാനം 11.25ന് റാസൽഖൈമയിലെത്തും.
ഞായറാഴ്ചകളിലെ സമയത്തിൽ വ്യത്യാസം ഉണ്ട്. രാവിലെ 10.55ന് റാസല്‍ഖൈമയിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10നാണ് കോഴിക്കോട് എത്തുക. വെള്ളിയാഴ്ചകളിൽ പുറപ്പെടുന്ന വിമാനത്തിന്റെ സമയത്തിലും മാറ്റം ഉണ്ട്. വെള്ളിയാഴ്ച കോഴിക്കോട് നിന്ന് വൈകിട്ട് 4.50 ന് പുറപ്പെടുന്ന വിമാനം 7.25ന് റാസൽഖൈമയിലെത്തും.
ഇന്ന് റാസൽഖൈമ വിമാനത്താവളത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ റാക് സിവിൽ വ്യോമയാന വിഭാഗം ചെയർമാൻ ഷെയ്ഖ് സാലിം ബിൻ സുൽത്താൻ അൽ ഖാസിമി, ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, എയർ അറേബ്യ ഗ്രൂപ്പ് ഓഫ് ചീഫ് എക്സിക്യുട്ടീവ് ആദിൽ അലി, മറ്റു പ്രമുഖ വ്യക്തികൾ എന്നിവർ സംബന്ധിച്ചു.