യുഎഇയിൽ ഒരാഴ്ചയ്ക്കുള്ളിൽ 1,600 പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യാനായി ശേഖരിച്ചതിന് പിന്നാലെ ലഭിച്ച റാഫിൾ ടിക്കറ്റിലൂടെ ഒരു സെക്യൂരിറ്റി ഗാർഡിന് ഐഫോൺ 15. സമ്മാനമായി ലഭിച്ചു.
തന്റെ ജോലിസ്ഥലത്ത് സ്ഥാപിച്ച ടെക്‌നോളജി കമ്പനിയായ റെനിയുടെ ഒരു സ്‌മാർട്ട് ബിന്നിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിന്റെ സഹായത്തോടെ കുപ്പികൾ ശേഖരിക്കാനും പുനരുപയോഗം ചെയ്യാനും തുടങ്ങിയതിന്റെ ഭാഗമായാണ് തനിക്ക് ഈ സമ്മാനം ലഭിച്ചതെന്ന് നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ഗാർഡ് ദീപേഷ് ചമ്‌ലഗെയ്‌ൻ പറഞ്ഞു. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബുർജ് ഖലീഫ, വാഫി മാൾ, അജ്മാനിലെ ഡിജിറ്റൽ ഗവൺമെന്റ് ഓഫീസ് എന്നിങ്ങനെ യുഎഇയിൽ ഉടനീളം 1000 സ്മാർട്ട് ബിന്നുകൾ റെനി സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ റീസൈക്കിൾ ചെയ്യാനായി പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുമ്പോൾ രജിസ്റ്റർ ചെയ്ത റെനി ആപ്പ് വഴി ഒരു റാഫിൾ ടിക്കറ്റ് ലഭിക്കും. ഒരു കുപ്പി ഒരു ടിക്കറ്റിന് തുല്യമാണ്. ഈ ടിക്കറ്റ് വഴിയാണ് പലരും സമ്മാനം നേടുന്നത്. റാഫിൾ പദ്ധതിയിലൂടെ ഐഫോൺ 15 സമ്മാനമായി ലഭിച്ചെങ്കിലും കുപ്പികൾ റീസൈക്കിൾ ചെയ്യുന്നത് ഇനിയും തുടരുമെന്ന് സെക്യൂരിറ്റി ഗാർഡ് പറഞ്ഞു,
ഏകദേശം ആറുമാസമായി ഈ ബിന്നുകൾ നിലവിലുണ്ടെങ്കിലും, ഈ മാസത്തിന്റെ തുടക്കത്തിൽ കമ്പനി റാഫിൾ പദ്ധതി പ്രഖ്യാപിച്ചപ്പോൾ പ്ലാറ്റ്‌ഫോമിന് ആയിരക്കണക്കിന് പുതിയ ഉപയോക്താക്കളെ ലഭിച്ചതായി കമ്പനി പറഞ്ഞു.
റാഫിൾ പദ്ധതിയിൽ പങ്കെടുത്തവർക്ക് ഇതിനകം പ്ലേസ്റ്റേഷൻ 5, വയർലെസ് ഇയർബഡുകൾ, ഫിറ്റ്നസ് ട്രാക്കറുകൾ എന്നിവ നേടിയിട്ടുണ്ട്. സമ്മാനങ്ങൾ ലഭിക്കുന്നതിനാൽ ധാരാളം പുതിയ ഉപയോക്താക്കൾ കുപ്പി ശേഖരിക്കുന്നത് ഒരു ശീലമാക്കിയിട്ടുണ്ടെന്നും എല്ലാ ദിവസവും ഞങ്ങളോടൊപ്പം റീസൈക്കിൾ ചെയ്യുന്നത് തുടരുന്നുവെന്നും ടെക്‌നോളജി കമ്പനിയായ റെനി പറഞ്ഞു.