അബുദാബി നാഷനൽ ഓയിൽ കമ്പനി (Adnoc) യുഎഇയിലെ ആദ്യത്തെ “ഹൈ-സ്പീഡ്” ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് ഇന്ധനം നിറയ്ക്കൽ സ്റ്റേഷൻ അബുദാബിയിൽ ആരംഭിച്ചു.
വാഹനങ്ങളിൽ പെട്രോളിനു പകരം ഹൈഡ്രജൻ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ഭാഗമായാണ് മധ്യപൂർവമേഖലയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന പമ്പ് അബുദാബിയിൽ തുറന്നിരിക്കുന്നത്.
ആഗോള താപനം കുറയ്ക്കുന്നതിന്റെ ഭാഗമായി പുനരുപയോഗ, ഹരിത ഇന്ധനത്തിലേക്ക് പെട്രോൾ ഉൽപാദകരാജ്യം കൂടിയായ യുഎഇ മാറുന്നതിനു മുന്നോടിയാണിത്. 2050 ആകുമ്പോഴേക്കും കാർബൺ പുറത്തള്ളൽ പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം, ബിഎംഡബ്ല്യു, ടൊയോട്ട കമ്പനികളുടെ ഹൈഡ്രജൻ വാഹനങ്ങളിലാണ് ഇപ്പോൾ പരീക്ഷണ ഓട്ടം നടത്തുന്നത്. അഡ്നോക് മസ്ദാറിൽ ആരംഭിച്ച ഹൈഡ്രജൻ പമ്പിന് എച്ച്2 ഗോ എന്നാണ് പേര് നൽകിയിട്ടുള്ളത്.