ഓയൂരില്‍നിന്നും നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിക്കുവേണ്ടി സംസ്ഥാനമാകെ വ്യാപക തിരച്ചില്‍ തുടരുന്നതിനിടെ തിരുവനന്തപുരത്തുനിന്ന് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് വിവരം. ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം കുട്ടിയെ കാണാതിയിട്ട് ഏതാണ്ട് 15 മണിക്കൂർ കഴിഞ്ഞിരിക്കുകയാണ്
തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുള്ള ആളെയാണ് ശ്രീകാര്യത്ത് നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിങ് സെന്റര്‍ ഉടമയേയും മറ്റൊരാളെയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ശ്രീകാര്യത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആളുമായി ശ്രീകണ്ഠേശ്വരത്ത് എത്തി മറ്റു രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.