ഹമാസും ഇസ്രായേലും തമ്മിലുള്ള നാല് ദിവസത്തെ വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതതായി ഖത്തർ അറിയിച്ചതിനുപിന്നാലെ ഗാസ വെടിനിർത്തലിന്റെ നാലാം ദിവസമായ ഇന്നലെ തിങ്കളാഴ്ച രാത്രി ഗാസയിൽ നിന്ന് 11 ഇസ്രായേലി തടവുകാരെ മോചിപ്പിച്ചതിന് പകരമായി 33 ഫലസ്തീനികളെയും വിട്ടയച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേലിനെതിരായ ഹമാസിന്റെ ഒക്ടോബർ 7-ന് അപ്രതീക്ഷിത ആക്രമണത്തിനിടെ ബന്ദികളാക്കപ്പെട്ട 200-ലധികം ആളുകളിൽ ഡസൻ കണക്കിന് ആളുകളെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെടിനിർത്തൽ സമയത്ത് വിട്ടയച്ചിരുന്നു. അറുപത്തിയൊമ്പത് ബന്ദികളെയാണ് ഇതിനകം ഹമാസ് മോചിപ്പിച്ചത്. പകരമായി ഇസ്രായേൽ ജയിലുകളിൽ നിന്ന് 150 പലസ്തീനികളെയും മോചിപ്പിച്ചു.
തിങ്കളാഴ്ച ഗാസയിൽ നിന്ന് മോചിപ്പിച്ച 11 ബന്ദികൾ ഇരട്ട പൗരത്വമുള്ളവരാണ്. ഇസ്രായേൽ, ഫ്രാൻസ്, ജർമ്മനി, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലാണ് ഇവർക്ക് പൗരത്വമുള്ളത്. മോചിപ്പിച്ച 33 ഫലസ്തീനികളിൽ 30 പേർ പ്രായപൂർത്തിയാകാത്തവരും മൂന്ന് സ്ത്രീകളും അടങ്ങുന്നതാണെന്ന് ഖത്തർ അധികൃതർ പറഞ്ഞു.
അതേസമയം ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ “ഗാസയിലേക്ക് മാനുഷിക സഹായം വർദ്ധിപ്പിക്കാൻ അനുവദിച്ചെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി അഭിപ്രായപ്പെട്ടു.