കൊല്ലം ഓയൂരില്‍നിന്നും നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറാ റെജിയെ പോലീസ് കണ്ടെത്തി.
ഇന്ന് ഉച്ചക്ക് ഒന്നരയോടെ കൊല്ലം ആശ്രാമ മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്. കുട്ടി സുരക്ഷതയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. നീണ്ട 20 മണിക്കൂർ നേരത്തെ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യം തിരക്കിയത്. തുടർന്ന് പേരുംവിവരങ്ങളും ചോദിച്ചപ്പോൾ അബിഗേൽ സാറാ റെജിയെന്ന് മറുപടി നൽകുകയും നാട്ടുകാർ ഫോണിൽ കാണിച്ചുനൽകിയ രക്ഷിതാക്കളുടെ ചിത്രങ്ങൾ തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ കുടിക്കാൻ വെള്ളംനൽകി. ഉടൻതന്നെ പോലീസിലും വിവരമറിയിക്കുകയായിരുന്നു. പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്.