ഗാസയിൽ യുദ്ധത്തിൽ പരിക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും വൈദ്യചികിത്സ നൽകാനുള്ള പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന നാലാമത്തെ സംഘം ഇന്നലെ ശനിയാഴ്ച യുഎഇയിൽ എത്തി.
ഈജിപ്തിലെ അൽ അരിഷ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനം അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലാണ് ലാൻഡ് ചെയ്തത്. ഏറ്റവും അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള 77 കുട്ടികളെയും അവരുടെ കുടുംബത്തിലെ 43 അംഗങ്ങളെയുംകൊണ്ടാണ് വിമാനം എത്തിയത്.
യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതൽ ഗാസയിലേക്ക് അടിയന്തര മാനുഷിക സഹായവും, ഇതുമായി ബന്ധപ്പെട്ട്, 20 മില്യൺ ഡോളറിന്റെ മാനുഷിക സഹായ പാക്കേജും അനുവദിക്കാൻ ഷെയ്ഖ് മുഹമ്മദ് നിർദ്ദേശം നൽകിയിരുന്നു. “ഗാലന്റ് നൈറ്റ് 3” ഓപ്പറേഷന്റെ ഭാഗമായി ഗാസയിൽ ഒരു ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു.