അടിയന്തര ചികിത്സ ആവശ്യമായി വന്ന 400 കിലോ ഭാരമുള്ള യുവതിയെ അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് വിജയകരമായി ഷാർജ പോലീസ് ആശുപത്രിയിലെത്തിച്ചു.
ഷാർജ അഗ്നിശമന സേനാംഗങ്ങൾ, നാഷണൽ ആംബുലൻസ് ടീം, ഷാർജ പോലീസ് ആംബുലൻസ്, ദുബായ് ആംബുലൻസ് എന്നിവയുൾപ്പെടെയുള്ള ഒരു പ്രൊഫഷണൽ സംഘമാണ് ഹൃദ്രോഗവുമായി മല്ലിടുകയും ശ്വാസതടസ്സവുമായി മല്ലിടുകയും ചെയ്തിരുന്ന 400 കിലോഗ്രാം ഭാരമുള്ള 48 കാരിയായ അറബ് യുവതിയെ അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്.
രാത്രിയിൽ യുവതിക്ക് പെട്ടെന്ന് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നപ്പോൾ പോലീസിന്റെ സഹായം തേടുകയായിരുന്നു. എന്നാൽ ദേശീയ ആംബുലൻസ് സേവനം ഉടൻ തന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി എത്തിയെങ്കിലും അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തെത്തിക്കാൻ യുവതിയുടെ വലിയ ഭാരം തടസ്സം സൃഷ്ടിക്കുകയായിരുന്നു.
പിന്നീട് ദുബായ് ആംബുലൻസിൽ നിന്നുള്ള കനത്ത ഭാരം കൈകാര്യം ചെയ്യുന്ന പ്രത്യേക ആംബുലൻസ് വാഹനത്തിന്റെ പിന്തുണയോടെ ഷാർജ സിവിൽ ഡിഫൻസ്, നാഷണൽ ആംബുലൻസ്, ഷാർജ പോലീസ് ആംബുലൻസ് എന്നിവയുടെ രണ്ട് മണിക്കൂർ നീണ്ടു നിന്ന സംയുക്ത പരിശ്രമത്തോടെ യുവതിയെ അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തെത്തിച്ചു.
ഫ്‌ളാറ്റിന്റെ മുൻവശത്തെ ഇടുങ്ങിയ ഭാഗത്തിലൂടെ യുവതിയെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് നേരിട്ട കുടുംബം ബദൽ മാർഗങ്ങൾ പരിശോധിച്ച ശേഷം ഷാർജ സിവിൽ ഡിഫൻസിന്റെ സഹായം കൂടി തേടി. എന്നാൽ സമയം നിർണായകമായിരുന്നു, കാരണം യുവതിയുടെ ആരോഗ്യനില വഷളായതിനാൽ ആശുപത്രിയിൽ അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നു. വീട്ടിൽ ചികിത്സിക്കാനും കഴിയുമായിരുന്നില്ല
യുവതിയെ താഴെ ആംബുലൻസിലേക്ക് എത്തിക്കാനുള്ള ഓപ്പറേഷൻ സുരക്ഷിതമായി പൂർത്തിയാക്കാൻ അഗ്നിശമന സേനാംഗങ്ങൾ യുവതിയുടെ ശരീരത്തിന് ചുറ്റും ഒരു ബെൽറ്റ് കവർ ഇട്ടതായും ഓപ്പറേഷൻ പൂർത്തിയാക്കാൻ ഏതാണ്ട് 14 മണിക്കൂർ എടുത്തതായും ഷാർജ പോലീസ് പറഞ്ഞു. യുവതിയെ സുരക്ഷിതമായി നിലത്ത് ഇറക്കിയ ശേഷം പ്രത്യേക ആംബുലൻസിൽ ചികിത്സയ്ക്കായി ഉമ്മുൽ ഖുവൈനിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്