ദുബായിൽ പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് നേടാനാകാത്ത വിഷമത്തിൽ വീട് വിട്ടിറങ്ങിയ കുട്ടിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ദുബായ് പോലീസിന് കണ്ടെത്താൻ കഴിഞ്ഞു.
ദുബായിൽ ഇന്നലെ ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് അറേബ്യൻ റാഞ്ചിലെ സഹീൽ ഗേറ്റ് 1 ലാണ് ഒരു ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായത്. പിന്നീട് കുടുംബം ദുബായ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സമൂഹത്തിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. തിരച്ചിലിനായി ഡ്രോണുകളും സ്‌നിഫർ നായ്ക്കളെയും ഉപയോഗിച്ചിരുന്നു. കുട്ടിയുടെ ഫോട്ടോയുമായി അറേബ്യൻ റാഞ്ചുകളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി നിവാസികൾ തിരച്ചിലിനായി ഒറ്റക്കെട്ടായി പ്രവർത്തിച്ചു.
ഒടുവിൽ ഇന്നലെ അർദ്ധരാത്രി കഴിഞ്ഞ് കുട്ടിയെ ഒരു പരിക്കും കൂടാതെ കണ്ടെത്തുകയായിരുന്നു. വിപുലമായ തിരച്ചിലിന് ശേഷം കുടുംബം ദുബായ് പോലീസിനും സമൂഹത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. സാഹചര്യത്തോട് പ്രതികരിക്കുകയും മണിക്കൂറുകൾ വൈകിയിട്ടും ഞങ്ങൾക്ക് ഒപ്പം നിന്ന താമസക്കാർക്ക് നന്ദി അറിയിച്ചതോടൊപ്പം സുരക്ഷയ്ക്ക് പേരുകേട്ട ദുബായ് എന്ന നഗരത്തോടുള്ള മതിപ്പും അവർ ദുബായ് പോലീസിനോട് പ്രകടിപ്പിച്ചു.
പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് നേടാനാകാത്തതിനാലാണ് വളരെ സെൻസിറ്റീവായ കുട്ടി ഇത്തരത്തിൽ വീട് വിട്ട് വൈകാരികമായി പ്രവർത്തിച്ചതെന്ന് കുടുംബം കുട്ടിയിൽ നിന്ന് ചോദിച്ചറിഞ്ഞു.