പെർത്തിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം (EK421) 2023 ഡിസംബർ 4 തിങ്കളാഴ്ച അപ്രതീക്ഷിതമായി ആകാശച്ചുഴി ( turbulence ) യിൽപ്പെട്ടതിനെത്തുടർന്ന് ചില യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും പരിക്കേറ്റു. എന്നിരുന്നാലും, വിമാനം യാത്ര തുടർന്ന് ദുബായ് ഇന്റർനാഷണൽ (DXB) വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതായും .എമിറേറ്റ്സ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ഏവിയേഷൻ രംഗത്ത് സാധാരണമായി ഉപയോഗിക്കുന്ന പദമാണ് ടർബുലൻസ്. കാറ്റിന്റെ സമ്മര്‍ദത്തിലും , ചലനവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും , വലിക്കുകയും ചെയ്യും ഇതിനെ വിശേഷിപ്പിക്കുന്ന പദമാണ് ടർബുലൻസ് അഥവാ ആകാശച്ചുഴി. ചെറിയതോതിൽ വിമാനം കുലുങ്ങുന്നതു കൂടാതെ, ശക്തിയേറിയ രീതിയിൽ എടുത്തിട്ട് അടിക്കുന്നതുപോലെയും അനുഭവപ്പെടാം.
എമിറേറ്റ്സ് വിമാനത്തിൽ പരിക്കേറ്റവർക്ക് പരിശീലനം ലഭിച്ച ജീവനക്കാരും സന്നദ്ധപ്രവർത്തകരും യാത്രയ്ക്കിടെ തന്നെ വൈദ്യസഹായം നൽകിയതായി എമിറേറ്റ്സ് വക്താവ് പറഞ്ഞു. ദുബായിൽ ലാൻഡ് ചെയ്തപ്പോൾ യാത്രക്കാർക്ക് ആവശ്യമായ അധിക പിന്തുണയുക്മ നൽകിയിരുന്നു.
പരിക്കേറ്റ യാത്രക്കാർക്കും ജീവനക്കാർക്കും സാധ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ എമിറേറ്റ്സ് അതിന്റെ കെയർ ടീമിനെയും വിന്യസിച്ചിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു.