സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. പിന്നാലെയാണ് മരണം.
മൃതദേഹം നാളെ ശനിയാഴ്ച രാവിലെ 7 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. ആദ്യം ഇടപ്പഴിഞ്ഞിയിലെ വസതിയിലും ഉച്ചയ്ക്ക് രണ്ട് വരെ പി.എസ്.സ്മാരകത്തിലും പൊതുദർശനത്തിന് വെയ്ക്കും. പിന്നീട് വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. വാഴൂരിലെ വീട്ടിൽ ഞായറാഴ്ചയാണ് സംസ്കാരം.