ഗുജറാത്തിലെ സൂറത്തിൽ നിന്നും ദുബായിലേക്ക് നേരിട്ടുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് 2023 ഡിസംബർ 17 ഞായറാഴ്ച്ച മുതൽ ആരംഭിച്ചു.
സൂറത്ത് വിമാനത്താവളത്തിന്റെ പുതിയ അന്താരാഷ്ട്ര ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ദിവസം തന്നെയാണ് 171 യാത്രക്കാരുമായി ഉദ്ഘാടന വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.
സൂറത്ത്-ദുബായ് റൂട്ടിൽ ആഴ്ചയിൽ നാല് വിമാനങ്ങളാണ് സർവീസ് നടത്തുകയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറഞ്ഞു. നിലവിൽ, എയർ ഇന്ത്യ എക്സ്പ്രസ് സൂറത്തിൽ നിന്ന് ഷാർജയിലേക്ക് ആഴ്ചയിൽ അഞ്ച് ഫ്ലൈറ്റുകൾ സർവീസ് നടത്തുന്നുണ്ട്.
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലേക്കുള്ള ശേഷി വർധിപ്പിക്കാനും ഇന്ത്യയിലെ വിവിധ ടയർ 2, 3 നഗരങ്ങളിലെ ഗൾഫ് യാത്രക്കാർക്ക് മികച്ച കണക്റ്റിവിറ്റി നൽകാനും ലക്ഷ്യമിടുന്നതായും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറഞ്ഞു.