ദുബായിൽ ഡിസംബർ 31 ന് പുതുവത്സര ആഘോഷങ്ങൾക്ക് കാവലായി 10,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരേയും, 1,300 പോലീസ് വാഹനങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള അബ്ദുൾ റഹ്മാൻ ഉബൈദ് ജുമാ അൽ ഫലാസി അറിയിച്ചു. ഡിസംബർ 31 ന് വൈകുന്നേരം 4 മണി മുതൽ ദുബായിലെ ചില റോഡുകൾ പുതുവത്സര ആഘോഷങ്ങൾക്കായി അടയ്ക്കാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഡൗൺടൗൺ ഏരിയയിലേക്കും മറ്റ് ജനപ്രിയ സ്ഥലങ്ങളിലേക്കും വരുന്ന സന്ദർശകരോടും താമസക്കാരോടും യാത്രകൾ നേരത്തെ ആരംഭിച്ച് പരമാവധി സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാതെ പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
വൈകിട്ട് 4 മണി മുതൽ മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് അടിച്ചിടാൻ തുടങ്ങും. ഫിനാൻഷ്യൽ റോഡിന്റെ അപ്പർ ലെവൽ രാത്രി 8 മണിക്കും ലോ ലെവൽ വൈകുന്നേരം 4 മണിക്കും അൽ അസയേൽ റോഡും വൈകിട്ട് നാലിന് അടയ്ക്കും. ഈ റോഡുകളിൽ നിന്നുള്ള എല്ലാ ഗതാഗതവും ഷെയ്ഖ് സായിദ് റോഡിലേക്ക് തിരിച്ചുവിടും.
ദുബായിലെ 32 ആഘോഷ വേദികളും കവർ ചെയ്യാനാണ് ഏകദേശം 1,300 വാഹനങ്ങൾ വിന്യസിക്കുന്നത്. പുതുവത്സര രാവിൽ സിവിൽ ഡിഫൻസ്, ആർടിഎ, ആംബുലൻസുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായി 10,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും നിലയുറപ്പിക്കും. കൂടുതൽ അപ്ഡേറ്റുകൾക്കും ഉപദേശങ്ങൾക്കുമായി ആളുകൾ ദുബായ് പോലീസിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പരിശോധിക്കുന്നത് തുടരണമെന്നും പോലീസ് പറഞ്ഞു.