യു എ ഇ എന്ന രാഷ്ട്രത്തിന് 52 വയസ്സു പ്രായം. എം എ യൂസഫലിയുടെ ‘ യൂ എ ഇ ജീവിത’ത്തിന് 50 വയസ്സും .
രണ്ടും തമ്മിൽ രണ്ടുവർഷത്തെ വ്യത്യാസം മാത്രം !
ഒരു രാഷ്ട്രത്തോടൊപ്പം അതിന്റെ പുരോഗതിക്കൊപ്പം ഇതുപോലെ വളർന്നുകയറിയ ഒരു മലയാളി, ഒരു ഇൻഡ്യക്കാരൻ വേറെയില്ല.
2023 ഡിസംബർ 31 ലുലുഗ്രുപ്പ് ചെയർമാൻ എം എ യൂസഫലിക്ക് പ്രവാസജീവിതത്തിന്റെ ഗോൾഡൻ ജൂബിലി ദിനമാണ്.
ബോംബെ തുറമുഖത്തുനിന്ന് 1973 ഡിസംബർ 26 ന് ‘ദുംറ’ എന്ന കപ്പലിൽ പുറപ്പെട്ട് ഡിസംബർ 31ന് ദുബായ് റാഷിദ് സീ പോർട്ടിൽ താൻ എത്തിയതിന്റെ യാത്രാരേഖകൾ പാസ്സ്പോർട്ടിൽ പതിഞ്ഞുകിടക്കുന്നത് യൂസഫലി യൂ എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അബുദാബി കൊട്ടാരത്തിലെത്തി കഴിഞ്ഞ ദിവസം കാണിച്ചു കൊടുക്കുകയുണ്ടായി.
ഇന്ന് ചരിത്രമുദ്രയായിതീർന്ന നീല നിറത്തിലെ ആ ‘എമിഗ്രേഷൻസ്റ്റാമ്പിങ് ‘
കൗതുകം നിറഞ്ഞ ആഹ്ലാദത്തോടെയാണ് ഹിസ് ഹൈനസ് നോക്കിക്കണ്ടത്. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ്ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി പടിഞ്ഞാറൻ മേഖല ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
പ്രത്യേക നിറഞ്ഞ ഈ രാജകീയ കൂടിക്കാഴ്ച യൂസഫലിയെ സംബന്ധിച്ച് ഏറെ അഭിമാനകാരവും വികാരഭരിതവുമായി. അബുദാബി ചേംബറിന്റെ വൈസ് ചെയർമാനായി യൂസഫലിയെ നാമനിർദ്ദേശം ചെയ്തത് ശൈഖ് മുഹമ്മദ് ബിൻ സായിദ് യൂ എ ഇ പ്രസിഡന്റ് ആയിരിക്കെയാണ് .അബുദാബി രാജകുടുംബത്തിന്റെയും യൂഎഇ ഭരണകൂടത്തിന്റെയും അനുഗ്രഹങ്ങളാണ് തന്റെയും തന്റെ സ്ഥാപനങ്ങളുടെയും വളർച്ചക്ക് തുണയായി തീർന്നിട്ടുള്ളതെന്ന് സന്ദർഭോചിതമായി പലയിടങ്ങങ്ങളിലും യൂസഫലി പറഞ്ഞിട്ടുണ്ട്. യൂ എ ഇ യുടെ ഉന്നത ബഹുമതിയായ ‘അബൂദാബി അവാഡ് ‘നേടിയ അപൂർവം പേരിൽ ഒരാളാണ് യൂസഫലി.
വാണിജ്യ വ്യവസായ സാമൂഹിക രംഗത്തിനു സംഭാവനകളെ വിലയിരുത്തി നൽകിയ സ്വന്തം രാജ്യവും യൂസഫലിയെ പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട് .
ബ്രിട്ടീഷ് രാഞ്ജിയുടെ ക്യുൻസ് പുരസ്കാരം, ഇൻഡോനേഷ്യയുടെ പ്രിയദത്ത പുരസ്കാരം തുടങ്ങി ഉന്നത ബഹുമതികൾ ഈ 50 വർഷത്തിനുള്ളിൽ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് .
വാണിജ്യ വ്യവസായ സാമൂഹ്യ സേവനരംഗത്തും നൽകിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ അന്തർദേശിയ പുരസ്കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്. രാജ്യം നൽകിയ പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാർഡ്, ബഹറൈൻ സർക്കാർ നൽകിയ ഓർഡർ ഓഫ് ബഹറൈൻ, ബ്രിട്ടീസ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്കാരം എന്നിവ ഇതിലുൾപ്പെടും. അബുദാബി ചേംബറിൻ്റെ വൈസ് ചെയർമാനായി യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് നാമനിർദ്ദേശം ചെയ്തതാണ് യൂസഫലിയെ തേടിയെത്തിയ മറ്റൊരു ഉന്നതമായ അംഗീകാരം.
തികഞ്ഞ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും ആത്മസമർപ്പണത്തോടെയും അബുദാബിയിൽ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടമാണ് ഇന്ന് 50 വർഷം പിന്നിടുമ്പോൾ 35,000 മലയാളികൾ ഉൾപ്പെടെ 49 രാജ്യങ്ങളിൽ നിന്നുള്ള 69,000 ലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ലുലു ഗ്രൂപ്പ് എന്ന വമ്പൻ സ്ഥാപനത്തിൻ്റെ മേധാവിയായി യൂസഫലി മാറിയതിൻ്റെ ചരിത്രം കുറിച്ചത്.
ബിസിനസ്സ് രംഗത്തെ മൗലിക പ്രതിഭയായ യൂസഫലി അറബ് നാടുകളിലെ സവിശേഷമായ ജനജീവിതത്തെയും അതില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളെയും ഒരു സാമൂഹിക ശാസ്ത്രഞ്ജനെപോലെ നിരീക്ഷിച്ചു കാലത്തിനൊപ്പം സഞ്ചരിച്ച വ്യവസായ പരിഷ്കർത്താവാണെന്ന് നിസ്സംശയം പറയാം .
തൃശ്ശൂർ ജില്ലയിലെ നാട്ടികയാണ് സ്വദേശം . മുസ്‌ലിയാം വീട്ടില്‍ അബ്ദുൾ ഖാദർ യൂസഫലി എം എ യൂസഫലിയായുള്ള ആഗോള വളർച്ച ഓരോ മലയാളിക്കും അഭിമാനകരമാണെന്നും അടിവരയിട്ടു പറയാം .