ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതിന് പിന്നാലെ സുനാമിത്തിരകള്‍ ആഞ്ഞടിക്കുന്നതായി റിപ്പോർട്ടുകൾ. പലയിടങ്ങളിലും ജലനിരപ്പ് ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സുനാമി സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
ജപ്പാനില്‍ ഇഷികാവ പ്രിഫെക്ചറിലെ നോട്ടോ മേഖലയില്‍ ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയോടെയാണ്ശക്തമായ ഭൂചലനമുണ്ടായത്. സുനാമി ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലയിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് നിര്‍ദശം. ഭൂചലനമുണ്ടായി പത്തുമിനുട്ടിനുശേഷം തീരദേശ മേഖലയില്‍ സുനാമി തിരമാലകളടിച്ചതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു. 1.2 മീറ്റര്‍ ഉയരത്തിലായുള്ള സുനാമി തീരയാണ് ജപ്പാനിലെ വജിമ നഗരത്തിലെ തീരപ്രദേശത്തടിച്ചതെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു മീറ്റര്‍ വരെ ഉയരത്തിലുള്ള സുനാമി തീരകള്‍ അടിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഭൂചലനത്തില്‍ പലയിടത്തെയും റോഡുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. നിരവധി വീടുകള്‍ തകര്‍ന്നു, 33,500 വീടുകളിലെ വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു.