നാട്ടിലുള്ള തന്റെ ഇരട്ട സഹോദരൻ ചെറിയ അപകടത്തെ തുടർന്ന് മരണപ്പെട്ടപ്പോൾ അതിൽ അസ്വസ്ഥനായ തിരുവനന്തപുരം സ്വദേശിയായ ഇരട്ട സഹോദരനായ പ്രവാസി ഈ ആഴ്ച ദുബായിൽ വച്ച് അന്തരിച്ചു. എട്ട് വർഷത്തിലേറെയായി യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത ദുബായ് പ്രവാസിയായ ഇരട്ട സഹോദരൻ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ വളരെ ദുഃഖത്തോടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…
കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു പ്രവാസിയുടെ കഥ പറയാം. ഇരട്ടകളായിപിറന്ന ഇദ്ദേഹത്തിന്റെ കൂടെപ്പിറപ്പ് നാട്ടിലാണ്. ഇരട്ടകളെ തന്നെ വിവാഹം കഴിച്ച സഹോദരൻമാർ. ചെറിയ അപകടത്തെ തുടർന്ന് നാട്ടിലുള്ള സഹോദരൻ കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഈ വിവരം അറിഞ്ഞ് അധികം കഴിയുന്നതിന് മുൻപ് തന്നെ ഇങ്ങു പ്രവാസ ലോകത്തുള്ള സഹോദരനും മരണത്തിന് കൂട്ടുപോയി. നടപടി ക്രമങ്ങൾ പൂര്തത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചു. നാട്ടിൽ മരണപ്പെട്ട സഹോദരന്റെ അടുത്ത് തന്നെ ഇദ്ദേഹത്തിന്റെ മൃതദേഹവും അടക്കം ചെയ്തു. ഒരേ അമ്മയുടെ വയറ്റിൽ ജന്മം കൊണ്ടവർ അടുത്തടുത്ത ദിവസങ്ങളിൽ തന്നെ തിരികെ യാത്രയായി. ഇരുമെയ്യായിരുന്നെങ്കിലും ഒരേ മനസ്സായിരുന്നു ഇരുവർക്കും. ഒരേപോലെ കളിച്ചു വളർന്ന സഹോദരങ്ങൾ. തന്റെ സഹോദരനില്ലാത്ത ലോകം ശൂന്യമാണെന്ന തിരിച്ചറിവായിരിക്കാം ഇദ്ദേഹത്തെയും മരണത്തിലേക്ക് വഴി നടത്തിയത്.
നമ്മിൽ നിന്നും വിട പറഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ നന്മകൾ ചൊരിയുമാറാകട്ടെ….
ദുബായിൽ മരണപ്പെട്ട സഹോദരന്റെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി, അന്തിമ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തെ മൂത്ത ഇരട്ട സഹോദരന്റെ അടുത്ത് തന്നെ സംസ്കരിച്ചു.