നോൺ ബാങ്കിങ് രംഗത്തെ മുൻനിര സ്ഥാപനമായ ഐ സി എൽ ഫിൻകോർപ് മധ്യ പൂർവേഷ്യൻ ടൂറിസം മേഖലയിൽ തനതു മുദ്രപതിപ്പിക്കാൻ വിഭാവനചെയ്ത ബൃഹത് പദ്ധതിക്ക് തുടക്കമായി .
ഐ സി എൽ -ലാമ എന്നപേരിൽ ബ്രാൻഡ് ചെയ്ത വിനോദ സഞ്ചാര സംരംഭത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് ജനുവരിക്കുളിര് രാവിൽ ക്ഷണിക്കപ്പെട്ട വലിയൊരു സദസ്യർക്ക് മുൻപാകെയും മധ്യപൂർവദേശത്തിനു പ്രകൃതി നൽകിയ ഉപഹാരമായ മരുഭൂമിയുടെ മടിത്തട്ടിലാണ് അതിനു വേദിയൊരുങ്ങിയത്.
ആദിമജീവിതത്തിന്റെ ‘ കളിത്തൊട്ടിലാ’യ മരുഭൂദേശത്തെ ആധുനിക ജീവിതത്തിന്റെ ‘ സോഴ്സ് ‘ ആയി വിഭാവനചെയ്ത ധിഷണാശാലിത്വത്തിന്റെ പ്രതിരൂമായി ഉയർന്നുവന്ന ദുബായിൽ ഓഫീസ് സ്ഥാപിച്ച ഐ സി എൽ , തങ്ങളുടെ ടുറിസം പദ്ധതിക്ക് തുടക്കമിട്ടതും മരുഭൂമിയിൽ ആയത് എത്ര സാർത്ഥകം !
അതി വിശിഷ്ടമായൊരു അറേബ്യന് സംസ്കാരത്തിന് ബീജാവാപം നൽകിയ മരുഭുമി ഇന്ന് ലോകത്തിന്റെ ആകർഷകമായ വിനോദ സഞ്ചാര മേഖല കൂടിയാണ് .
സാർത്ഥ വാഹക സംഘങ്ങൾ (ഒട്ടകപ്പുറമേറി സഞ്ചരിച്ച വാണിജ്യ സംഘം ) കടന്നുപോയ മണൽ മലകൾക്കിടയിലൂട ഇന്ന് ആധുനിക വാഹനങ്ങൾ ആളുകൾക്ക് തൊട്ടിലാട്ടത്തിന്റെ രസവും സാഹസികതയും പകർന്ന് ചീറിയോടുന്നു . അതിനൊരു പേരുണ്ട് – ഡെസേർട്ട് സഫാരി .
ഐ സി എൽ -ലാമ എന്ന വാണിജ്യ മുദ്ര (ലോഗോ) പതിച്ച അനേകം ഫോർവീലറുകൾ ഇനി ഈ വഴിത്താരകളെ വേറിട്ടൊരു ടൂറിസം സംസ്കാരത്തിലേക്ക് ആനയിച്ചുകൊണ്ട് ആ സഫാരികളെ സമ്മോഹനമാക്കും. അതിന്റെ വ്യക്തവും വ്യതിരിക്തതയും വിളംബരം ചെയ്തുകൊണ്ട് നടന്ന ഐ സി എൽ ലാമ ടുറിസം ലോഞ്ചിങ് സെറിമണി ഏവർക്കും നവ്യാനുഭവമായി.
കണ്ണെത്താദൂരത്ത് മണൽപ്പരപ്പും ആകാശവും മൂക്കുരസുന്ന പടിഞ്ഞാറൻ ചക്രവാകത്തിൽ അസ്തമയസൂര്യൻ ചുവന്ന പുടവയഴിച്ച് മറഞ്ഞപ്പോൾ അനേകം വർണ്ണങ്ങളുള്ള ഉടയാടകൾ അണിഞ്ഞ് അതാ വരുന്നു തനൂറ നർത്തകൻ.
മുസ്തഫ എന്ന ആ ഈജിപ്ഷ്യൻ നർത്തകൻ വൃത്തത്തിലാടിത്തുടങ്ങിയതോടെ പരിപാടികൾക്ക് തിരശീല ഉയരുകയായി.അറേബ്യൻ പശ്ചാത്തല സംഗീതത്തിന്റെ ആരോഹണാവരോഹണത്തിനൊത്ത് ആ കലാകാരന്റെ ദീപാലംകൃതമായ ഉടയാടകൾ വർണ്ണരാജികൾ വിടർത്തി. അനവതരം വൃത്തത്തിൽ ചലിച്ച അയാളുടെ പാദങ്ങൾ നിശ്ശബ്ദമായ പദങ്ങൾ ആടിയും പാടിയും നിശ്ചലമായതും സദസ്യരുടെ കയ്യടി ഉയർന്നു.
അതേത്തുടർന്ന് യു എ ഇ യുടെയും ഇന്ത്യയുടേയും ദേശീയഗാനത്തോടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി. റിബൺ കട്ടിങ് സെറിമണിയെ തുടർന്ന് ദീപാ ഗണേഷ് സ്വാഗതം പറഞ്ഞു. ഐ സി എൽ -ലാമ ടൂറിസം പദ്ധതിയെപ്പറ്റി അതിന്റെ സി എം ഡി ആയ അഡ്വ. കെജി അനിൽകുമാർ വിവരിച്ചു. സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയുള്ള തന്റെ നോൺ ബാങ്കിങ് പ്രവർത്തനങ്ങൾ പോലെ സോഷ്യൽ കമ്മിറ്റഡ് ആയ ഒന്നാകും ടൂറിസം പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സി ഇ ഒ ഉമ അനിൽകുമാറും ഡയറക്ടർ അമൽജിത്ത് മേനോനും ചുരുങ്ങിയവാക്കുകളിൽ കമ്പനിയുടെ ഉദ്യമത്തെ വെളിപ്പെടുത്തി .
ഹിസ് എക്സിലൻസി ഡോ. മുഹമ്മദ് സെയ്ദ് അൽ കിന്റദി,അലി താനി അലി ബിൻ ഗുലൈത അൽ മൊഹരി,ലംമ്രൊയ് ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനായ കൗൺസിലർ അഹമ്മദ് ലാംബ്രി , സുൽത്താൻ നാസർ ഹുമൈദ് അൽ നുവൈമി,അബ്ദുള്ള ജുമ അൽ ഷറഖി,ഫാത്തിമ സുഹൂറ, തമീം അബുബക്കർ , മാധ്യമപ്രവർത്തകർ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങളുടെ ഒരു നിരതന്നെ സന്നിഹിതരായിരുന്നു. ഇവർ ചേർന്ന് ഐ സി എൽ ലാമ ടൂറിസം പദ്ധതി വൻ കരഘോഷങ്ങൾക്കു നടുവിൽ ലോഞ്ച് ചെയ്തു. തുടർന്ന് ഇവർ ആശംസകൾ നേർന്നു സംസാരിച്ചു.
അവതാരക പിന്നിന പരിപാടികൾ നിയന്ത്രിച്ചു . സദസ്യരിൽനിന്ന് , ക്ഷണപ്രകാരം എത്തിയ ആമിന തന്റെ ഐ സി എൽ നോൺ ബാങ്കിങ് അനുഭവങ്ങൾ പങ്കുവച്ചു. ഐ സി എൽ ജി എം റയാനത് അലി നന്ദി പ്രകാശിപ്പിച്ചു ഏഷ്യാവിഷൻ ആണ് ഇവന്റ് ഒരുക്കിയത്. റെയിൻബോ റെസ്റ്റോറന്റ് വിഭവസമൃദ്ധമായ ബുഫെ ഡിന്നർ ഒരുക്കി. ബെല്ലി ഡാൻസും ഫയർ ഡാൻസും പരിപാടികൾക്ക് ചടുലതയും ചാരുതയും പകർന്നു.