ബോയിംഗ് 737 മാക്സ് 9 മോഡലിൽ സംഭവിച്ച സാങ്കേതിക തകരാർ യുഎഇ എയർലൈൻസ് വിമാനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) ഇന്ന് ഞായറാഴ്ച അറിയിച്ചു.
സുരക്ഷാ പരിശോധനകൾക്കായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ഇന്നലെ ശനിയാഴ്ച 171 ബോയിംഗ് 737 മാക്സ് 9 ജെറ്റ്ലൈനറുകൾ താൽക്കാലികമായി നിർത്തിയതിന് പിന്നാലെയാണ് ഇക്കാര്യം അതോറിറ്റി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കാബിൻ പാനൽ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് യാത്രക്കാരുമായി പറന്ന പുതിയ അലാസ്ക എയർലൈൻസ് ജെറ്റ് അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടേക്ക് ഓഫിന് പിന്നാലെ 171 യാത്രക്കാരെയുമായി പോർട്ലാന്റിൽ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ഡോര്‍ ഇളകിത്തെറിച്ചതിന് പിന്നാലെ എമർജന്‍സി ലാന്റിംഗ് നടത്തിയത്. 16,000 അടി ഉയരത്തില്‍ എത്തിയ ശേഷമാണ് വിമാനം തിരിച്ചിറക്കിയതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകള്‍ ലഭ്യമാക്കുന്ന വിവരം. 2023 നവംബര്‍ 11 മുതല്‍ സര്‍വീസ് തുടങ്ങി, ഇതുവരെ 142 യാത്രകള്‍ നടത്തിയ വിമാനത്തിലാണ് ആകാശമധ്യേ അതീവ ഗുരുതരമായ സുരക്ഷാ പ്രശ്നമുണ്ടായത്.