Search
Close this search box.

രേഖകളില്ലാതെയും രോഗംബാധിച്ചും യുഎഇയില്‍ കുടുങ്ങിയ തൃശൂർ സ്വദേശി 18 വർഷത്തിന് ശേഷം നാട്ടിലെത്തി

A native of Thrissur, stuck in the UAE without documents and infected with diseases, returned home after 18 years

രേഖകളില്ലാതെയും രോഗംബാധിച്ചും യുഎഇയില്‍ കുടുങ്ങിയ തൃശൂർ സ്വദേശി 18 വർഷത്തിന് ശേഷം യുഎഇയിലെ അധികൃതരുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലെത്തി.

തൃശൂർ സ്വദേശിയായ് 47 കാരനായ സുനിലിനെ കഴിഞ്ഞ വ്യാഴാഴ്ച നാട്ടിലെത്തിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ സന്നദ്ധസേവനം നടത്തുന്ന സാമൂഹിക പ്രവർത്തകൻ പ്രവീൺ കുമാർ പറഞ്ഞു.

അവിവാഹിതനായ സുനിൽ 2005ലാണ് യുഎഇയിൽ ഫോർമാനായി എത്തുന്നത്. വർഷങ്ങളായി അദ്ദേഹത്തിന് സാധുതയുള്ള രേഖകൾ ഇല്ലായിരുന്നു. ജോലി നഷ്‌ടപ്പെട്ടതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയായിരുന്നു.കൂടാതെ നിരവധി ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു, സ്വന്തം നാട്ടിലേക്ക് മടങ്ങാനും ആഗ്രഹിച്ചിരുന്നില്ലെന്നും സാമൂഹിക പ്രവർത്തകൻ പ്രവീൺ കുമാർ പറഞ്ഞു.

സുനിലിന്റെ കൈയക്ഷര രീതിയിലുള്ള അന്നത്തെ പാസ്‌പോർട്ടിന്റെ കാലാവധി 2007-ൽ അവസാനിച്ചപ്പോൾ അതേ വർഷം തന്നെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

യുഎഇയില്‍ പൊതുമാപ്പ് അനുവദിച്ച സമയത്ത് ഔട്ട്പാസ് ലഭിച്ചെങ്കിലും ആരോഗ്യം വഷളായതോടെ യാത്രചെയ്യാനായില്ല. സുനിലിന്റെ ഈ പ്രശ്‌നം അജ്മാനിലെ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം വൈസ് പ്രസിഡന്റ് രതീഷ് എടത്തിട്ട ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സന്നദ്ധസേവനം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകനായ പ്രവീണ്‍കുമാറിന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.

തുടര്‍ന്ന് വീണ്ടും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി കോണ്‍സുലേറ്റില്‍ അപേക്ഷ നല്‍കി. സുനിലിന്റെ മുന്‍ പാസ്പോര്‍ട്ട് വായിക്കാന്‍ കഴിയാത്തതിനാല്‍ കോണ്‍സുലേറ്റിന് കൊച്ചിയിലെ പാസ്പോര്‍ട്ട് ഓഫീസില്‍ സുനിലിന്റെ വിവരങ്ങള്‍ സ്ഥിരീകരിക്കേണ്ടി വന്നു. 2023 ഒക്ടോബറില്‍ മറ്റൊരു എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി. എന്നാല്‍ സുനിലിന്റെ ആരോഗ്യനില കൂടുതൽ വഷളാകുകയും ഷാർജയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെത്തുടർന്ന് ഷാര്‍ജയില്‍ തന്നെ തുടരേണ്ടിവന്നു. ശരിയായി സംസാരിക്കാനും കഴിഞ്ഞിരുന്നില്ല.

സുനിലിന്റെ അനാരോഗ്യം കേട്ട്, സുനിലിന്റെ വൃദ്ധയായ അമ്മ സുനിലിനെ കാണാനുള്ള ശക്തമായ ആഗ്രഹം പ്രകടിപ്പിച്ചതിനെതുടർന്ന് വീല്‍ചെയര്‍ ടിക്കറ്റില്‍ നാട്ടിലെത്തിക്കാന്‍ ശ്രമമാരംഭിച്ചു. കഴിഞ്ഞ ഡിസംബറില്‍, സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക സഹായത്തിനായി സാമൂഹിക പ്രവര്‍ത്തകര്‍ കോണ്‍സുലേറ്റില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചു. കൊച്ചിയിലേക്കുള്ള വീല്‍ചെയര്‍ ടിക്കറ്റും രോഗിയുടെ കൂടെ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള നോണ്‍-മെഡിക്കല്‍ എസ്‌കോര്‍ട്ട് ഫണ്ടും അനുവദിച്ചു.

പിന്നീട് കേരളത്തിലെ നോർക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി വഴി സുനിലിനെ കേരളത്തിലെ ആശുപത്രിയിലേക്ക് മാറ്റാൻ സർക്കാരിന്റെ പിന്തുണ അഭ്യർത്ഥിച്ചു. തുടർന്ന് സുനിലിന്റെ നാടായ തൃശ്ശൂരിലെ സർക്കാർ മെഡിക്കൽ കോളേജിൽ രോഗിയെ പ്രവേശിപ്പിക്കാൻ കേരള സർക്കാരിന്റെ പ്രവാസി കേരളീയ കാര്യ വകുപ്പായ നോർക്ക സമ്മതിച്ചു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് നൽകാമെന്നും നോർക്ക വാഗ്ദാനം ചെയ്തു.

ഇത്രയും കാലത്തെ അനധികൃത താമസത്തിനുള്ള ഭീമമായ പിഴ യുഎഇ അധികൃതര്‍ ഒഴിവാക്കി നല്‍കിയതോടെയാണ് മടക്കയാത്ര സാധ്യമായതെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു. തുടര്‍ന്ന് കോണ്‍സുലേറ്റ് പുതിയ ഔട്ട്പാസ് നല്‍കുകയായിരുന്നു. ജനുവരി നാല് വ്യാഴാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തിയ സുനിലിനെ നോര്‍ക്കയുടെ സഹായത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കടപ്പാട് : ഗൾഫ് ന്യൂസ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!