ദുബായിലെ അല്ലെങ്കിൽ യു എ ഇ യിലെ ഏതെങ്കിലുമൊരു നല്ല റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ അതിന്റെ വിശിഷ്ട സ്വാദ് കൂടെപ്പോരുന്നുണ്ടെങ്കിൽ അതിനു കാരണമായ പല കാര്യങ്ങൾക്കൊപ്പം ഓർക്കേണ്ടതായ ഒന്നുകൂടിയുണ്ട്; അത് പാകം ചെയ്ത അടുക്കളയുടെ സജ്ജീകരണവും എക്യുപ്മെന്റുകളുടെ ഗുണനിലവാരവും.
പക്ഷേ കൈപുണ്യം എന്നതുപോലെ സ്വാദിനെ സ്വാധീനിക്കാൻ ഈ കാര്യങ്ങൾകൂടി വേണമെന്ന യാഥാർഥ്യം എത്രപേരറിയുന്നു ?
അരങ്ങിനെ പ്രോജ്ജ്വലമാക്കുന്നത് വിദഗ്ദരായ അണിയറ പ്രവർത്തകർകൂടിചേർന്നാണ് എന്നത് എക്കാലത്തെയും സത്യമാണുതാനും. അതിനാൽ തന്നെ ഈ രംഗത്തെ അണിയറക്കാരെ ഒന്നറിഞ്ഞു വയ്ക്കുന്നത് നല്ലതാണ്; പ്രത്യേകിച്ച് ‘പാരമൗണ്ടിനെപോലെ ഈ മേഖലയിൽ മൂന്നര പതിറ്റാണ്ടുകാലത്തിലേറെയായി സേവനം അനുഷ്ഠിച്ചുപോരുന്ന ഒരു മഹാ പ്രസ്ഥാനത്തെ .
മിഡിലിസ്റ്റിലെ ഏറ്റവും വലിയ ഫുഡ് സർവീസ് കമ്പനിയായ പാരമൗണ്ട് ഗ്രൂപ്പ് തങ്ങളുടെ സുദീർഘമായ പ്രവർത്തന കാലത്തിനുള്ളിൽ ഈ രംഗത്ത് വിപ്ലവകരമായ പലമാറ്റങ്ങളും നൂതന പ്രവണതകളും കൊണ്ടുവന്നിട്ടുണ്ട്. ഫുഡ് ഇൻഡസ്ട്രിയുടെ വർധിച്ച ആവശ്യങ്ങളെ കണക്കിലെടുത്ത് ‘പാരമൗണ്ട്’ പ്രവർത്തനം ലോകമാകെ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ്. ഈ ബൃഹത്ത് പദ്ധതിക്കായി 100 മില്യൺ ദിർഹത്തിന്റെ നിക്ഷേപമാണ് നടത്തുന്നത് . അടുത്ത 20 വർഷത്തെ മാറ്റങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതിയാണിത്.
“ഇതിന്റെ ഭാഗമായി ഷാർജ ഇൻഡസ്ട്രിയൽ ഏറിയ 12ല്‍ സ്ഥാപിച്ച അതിവിസ്തൃതമായ കോർപറേറ്റ് ഹെഡ് ക്വാർട്ടേഴ്‌സിന്റെ ഉത്‌ഘാടനം 2024 ജനുവരി 23 ന് വിവിധ പരിപാടികളോടെ നടക്കും. ഈ രംഗത്തെ ആഗോള സാന്നിധ്യമായ ജർമൻ ബ്രാൻഡായ റാഷണലുമായി ചേർന്നുള്ള ‘കുക്കിങ് ഡമോൺസ്ട്രഷൻ ‘ രുചി വൈവിധ്യം കൊണ്ട് അപൂർവ്വാനുഭവമാകും.” നിക്ഷേപ പദ്ധതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ദുബായിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പാരമൗണ്ട് ഗ്രൂപ്പ് സ്ഥാപകനും സി ഇ ഒ യുമായ കെ വി ഷംസുദീൻ അറിയിച്ചു .
എക്സിക്യൂട്ടീവ് ഡയറക്ടർ ഹിഷാം ഷംസ് മൂന്നു പുതിയ പ്രോജക്ടുകൾ പ്രഖ്യാപിച്ചു .
ഖത്തറിലെ നിലവിലുള്ള പ്രവർത്തങ്ങൾക്കു പുറമെ ഫെബ്രുവരി 22ന് മാനുഫാക്ചറിങ് യൂണിറ്റ് തുടങ്ങുന്നതാണ് ആദ്യത്തേത് .
തുടർന്ന് ഉം അൽ ഖൊയിനിലും സൗദിഅറേബ്യയിലും പ്രവർത്തനം ആരംഭിക്കും . ബഹ്‌റൈൻ ആണ് മറ്റൊരു ലക്ഷ്യ സ്ഥാനം. ആഫ്രിക്കൻ രാജ്യങ്ങളും ഭാവി പദ്ധതിയിൽ ഉൾപ്പെടുന്നു.
ഡയറക്ടർ അഫ്ര ഷംസ്, എക്സിക്യൂട്ടീവ് ഡയറക്ടർ അമർ ഷംസ് , ഖത്തർ ജനറൽ മാനേജർ ഡാനിയൽ ടി സാം, സെയിസ് ഡയറക്ടർ ഷെറിഫ്, സി എഫ് ഒ വിശ്വനാഥൻ കൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.