യുഎഇയിൽ ഹെവി ട്രക്കുകൾക്ക് പരമാവധി ഭാരവും അളവും ലംഘിച്ചാൽ 15,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് ഊർജ്ജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം അറിയിച്ചു.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് പുതിയ നിയമം പാസാക്കിയതെന്ന് മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. ഇത് അടിസ്ഥാന സൗകര്യ, ഗതാഗത മേഖലകളെ പിന്തുണയ്ക്കുകയും റോഡ് സേവന ജീവിതം വർദ്ധിപ്പിക്കുകയും കര ഗതാഗതത്തിൻ്റെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു.
ഹെവി വാഹനങ്ങൾക്ക് അനുവദനീയമായ പരമാവധി ഭാരം ആക്സിലുകളുടെ എണ്ണം അനുസരിച്ച് വ്യത്യാസപ്പെടും. രണ്ട് ആക്‌സിലുകളുള്ള ഭാരവാഹനങ്ങൾക്ക് 21 ടൺ വരെ മാത്രമേ ഭാരമുണ്ടാകാൻ പാടുള്ളൂ,, അതേസമയം മൂന്ന് ആക്‌സിലുള്ളവ 34 ടൺ ഭാരം വരെയാകാം. നാല് ആക്‌സിലുകളുള്ള വാഹനങ്ങൾക്ക് 45 ടൺ ഭാരവും അഞ്ച് ആക്‌സിലുകൾ 56 ടണ്ണും ആറ് ആക്‌സിലുകളുള്ള വാഹനങ്ങൾക്ക് 65 ടൺ ഭാരം വരെയാകാം.
ഒറ്റ ഹെവി വാഹനത്തിന് 12.5 മീറ്റർ നീളവും 2.6 മീറ്റർ വീതിയും 4.6 മീറ്റർ ഉയരവും വരെ മാത്രമേ പാടുള്ളൂവെന്നാണ് പ്രമേയം വ്യവസ്ഥ ചെയ്തിരിക്കുന്നത്. ട്രക്ക് ഹെഡിനും സെമി-ട്രെയിലറിനും മൊത്തത്തിൽ 21 മീറ്റർ നീളവും 2.6 മീറ്റർ വീതിയും 4.6 മീറ്റർ ഉയരവും ഉണ്ടായിരിക്കണം.
ട്രക്ക് ഹെഡ്, ട്രെയിലർ, സെമി-ട്രെയിലർ എന്നിവയ്ക്ക് 28 മീറ്റർ വരെ നീളവും 2.6 മീറ്റർ വീതിയും 4.6 മീറ്റർ ഉയരവും ആവാം , കൂടാതെ ചെറിയ വാഹനങ്ങൾ കൊണ്ടുപോകുന്ന ഹെവി വാഹനത്തിന് 23 മീറ്റർ നീളവും 2.6 വീതിയും ഉയരം 4.75 മീറ്റർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.