ഖോർഫക്കാനിലെ ഒരു സ്വർണ്ണക്കടയിൽ നിന്നും 800,000 ദിർഹത്തിന്റെ ആഭരണങ്ങൾ കവർന്ന് രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമം ഷാർജ പോലീസ് പരാജയപ്പെടുത്തി. ഖോർഫക്കാനിലെ ഒരു സ്വർണ്ണക്കടയിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് ഒരു സംഘം ആഭരണങ്ങൾ കവർന്നത്.
റിപ്പോർട്ട് ലഭിച്ചയുടൻ ഷാർജ പോലീസ് ഓപ്പറേഷൻസ് ഉടൻ തന്നെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കുതിക്കുകയും ചെയ്തു. തെളിവെടുപ്പിനും അന്വേഷണത്തിനും ഒരു സംഘം രൂപീകരിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കവർച്ച നടത്തിയ സംഘത്തിലെ അംഗങ്ങളെ തിരിച്ചറിയാൻ അന്വേഷണസംഘത്തിന് കഴിഞ്ഞത്.
മോഷണം പോയ ആഭരണങ്ങൾ അടുത്ത ദിവസം രാവിലെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുന്ന തുറമുഖത്ത് ഷിപ്പിംഗ് കണ്ടെയ്നറിൽ നിന്നും പോലീസ് കണ്ടെടുത്തു. നിലവിൽ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ് , നിയമനടപടികൾക്കായി കേസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടിക്കണ്ട് വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളോട് അവരുടെ സ്റ്റോറുകൾ സുരക്ഷിതമാക്കാനും നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാനും ഷാർജ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ 999 എന്ന എമർജൻസി നമ്പർ ഉപയോഗിക്കാൻ മടിക്കരുതെന്നും അവർ വ്യക്തികളോടും ഉടമകളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.