2024 ഫെബ്രുവരി 14ന് തുറക്കുന്ന അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. സഹിഷ്ണുതയും ഐക്യവുമാണ് അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിൻ്റെ അടിസ്ഥാന ശിലയെന്ന് ഫെബ്രുവരിയിൽ ക്ഷേത്രം തുറക്കാനിരിക്കെ അധികൃതർ പറഞ്ഞു.
യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദാനമായി നൽകിയ 27 ഏക്കർ സ്ഥലത്ത് ഓരോ എമിറേറ്റിനെയും പ്രതിനിധീകരിക്കുന്ന ഏഴ് ഉയരമുള്ള ശിഖരങ്ങളും മനോഹരമായ രണ്ട് താഴികക്കുടങ്ങളുമായാണ് BAPS ഹിന്ദു മന്ദിർ ഗംഭീരമായി നിൽക്കുന്നത്.
350 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച പിങ്ക് മണൽക്കല്ലും വെളുത്ത മാർബിൾ ഘടനയുമടങ്ങുന്ന ക്ഷേത്രം ഫെബ്രുവരി 14 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നേരത്തെ പ്രഖ്യാപിച്ചതുപോലെ, അബുദാബിയിലെ BAPS ഹിന്ദു മന്ദിറിൻ്റെ പൊതു തുറക്കൽ തീയതി പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 18 ന് ആണ്.ഫെബ്രുവരി 18 മുതൽ രജിസ്ട്രേഷൻ വഴി ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.