ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്ലെയിം ചെയ്യപ്പെടാത്തതോ നഷ്ടപ്പെട്ടതോ ആയ ലഗേജുകൾ 8 ദിർഹത്തിന് മാത്രം വിൽക്കുമെന്ന വ്യാജേന പരസ്യം നൽകി ഫേസ്ബുക്കിൽ ഒരു പുതിയ തട്ടിപ്പ് പ്രചരിക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നഷ്ടപ്പെട്ട ലഗേജുകൾ വിൽക്കുന്നതായി അവകാശപ്പെടുന്ന ചില വ്യാജ പ്രൊഫൈലുകൾക്കെതിരെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുഎഇ നിവാസികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന തട്ടിപ്പുകളുടെ പരമ്പരയിൽ ഏറ്റവും പുതിയതാണ് ഈ വ്യാജ പരസ്യം.
ഞങ്ങൾ എയർപോർട്ട് വെയർഹൗസ് അടിയന്തിരമായി വൃത്തിയാക്കുകയും ആറ് മാസത്തിലേറെയായി ശ്രദ്ധിക്കപ്പെടാത്ത ലഗേജുകൾ വിൽക്കുകയാണെന്നാണ് പരസ്യത്തിലൂടെ വ്യാജന്മാർ പ്രചരിപ്പിക്കുന്നത്.
ഞങ്ങൾ ഒരു ചാരിറ്റി ഇവൻ്റ് സംഘടിപ്പിക്കുന്നതിനാൽ വെറും 8 ദിർഹത്തിന് ലഗേജുകൾ നൽകുന്നുവെന്നും പരസ്യത്തിൽ പറയുന്നു. എന്നാൽ ഇതിന് പുറകെയുള്ള അധികൃതരുടെ വിശദമായ പരിശോധനയിൽ ഈ പരസ്യത്തിൽ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് വിലാസം Sale4buy1.com ആണെന്ന് കണ്ടെത്തുകയും ഇതിന് പുറകിൽ ഒരു തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തി.
ഇത്തരത്തിലൊരു പരസ്യം തങ്ങളുടേതല്ലെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (DXB) അറിയിച്ചു.