ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണത്തില്‍ പന്ത്രണ്ട് ലക്ഷം ബാരല്‍ പ്രതിദിനം വെട്ടിക്കുറക്കാനുള്ള ഉത്പാദക രാഷ്ട്രങ്ങളുടെ തീരുമാനം പ്രാബല്യത്തിലായി. ഇതോടെ ആഗോള വിപണിയില്‍ എണ്ണവിലയില്‍ നേരിയ വര്‍ധന ഉണ്ടായി. വിതരണം വര്‍ധിപ്പിക്കണമെന്ന അമേരിക്കന്‍ അഭ്യര്‍ഥന തള്ളിയാണ് ഒപെക് നേരത്തെ തീരുമാനമെടുത്തത്. വിലകുറക്കാന്‍ യുഎസ് ഉത്പാദനം വര്‍ധിപ്പിച്ചേക്കും.
ഡിസംബര്‍ ആറിന് ആസ്ത്രിയയിലെ വിയന്നയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെയേും പുറമെ നിന്ന് പിന്തുണക്കുന്നവരുടേയും ചര്‍ച്ചയിലാണ് എണ്ണവിതരണം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ വരെ കുറക്കാമെന്നായിരുന്നു സൗദിയുടെ നിലപാട്. എന്നാല്‍ 12 ലക്ഷം ബാരല്‍ വെട്ടിക്കുറച്ചാല്‍ മാത്രമേ മതിയായ വില ലഭിക്കൂ എന്ന അഭിപ്രായമുയര്‍ന്നു. റഷ്യയും ഈ തീരുമാനത്തെ പിന്തുണച്ചോടെയാണ് അന്തിമ ധാരണയില്‍ എത്തി. ഇത് അര്‍ധ രാത്രി മുതല്‍ പ്രാബല്യത്തിലായി. ഉത്പാദനവും വിതരണവും കൂട്ടണമെന്ന അമേരിക്കന്‍ നിലപാട് തള്ളിയാണ് ഒപെകിന്റെയും റഷ്യയുടേയും തീരുമാനം. നേരത്തെ നിയന്ത്രണത്തിനിടയിലും യു.എസ് അഭ്യര്‍ഥന കണക്കിലെടുത്ത് സൗദി വിതരണം കൂട്ടിയിരുന്നു. ഇതോടെ വിലയിടിഞ്ഞ് അന്പതിന് താഴയായി. നിലവില്‍ എഴുപത് ഡോളറിന് മുകളിലുണ്ട് ബാരല്‍ എണ്ണ വില. റഷ്യയും ഒപെകും ചേര്‍ന്നാണ് ആഗോള വിപണിയിലെ അമ്പത് ശതമാനത്തിലേറെ എണ്ണയുണ്ടാക്കുന്നത്. വിതരണ നിയന്ത്രണം വന്നതോടെ വിലകുറക്കാന്‍ വിതരണം യു.എസ് കൂട്ടുമെന്നാണ് റിപ്പോർട്ട്.