രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ എത്തും. അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും. അധികാരമേറ്റതിനുശേഷം നരേന്ദ്ര മോദിയുടെ ഏഴാമത് യുഎഇ സന്ദർശനമാണിത്.
2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലം ക്ഷേത്രം പണിയാൻ യുഎഇ സർക്കാർ അനുവദിച്ചത്. പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പ്രഖ്യാപനം നടത്തിയത്.
ഇത്തവണത്തെ സന്ദർശനത്തിൽ ദുബായിലും അബുദാബിയിലുമായി ഒട്ടേറെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമായി മോദി ചർച്ച നടത്തും.
യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്യുന്ന അഹ്ലൻ മോദി സമ്മേളനം ഇന്ന് ചൊവ്വാഴ്ച വൈകീട്ട് 6.30-ന് അബുദാബി സായിദ് സ്റ്റേഡിയത്തിൽ നടക്കും. 65,000-ത്തിലേറെ പേർ പങ്കെടുക്കും. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെയാണ് പരിപാടി. 150-ലേറെ ഇന്ത്യൻ സംഘടനകളും യു.എ.ഇ.യിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികളും പരിപാടിക്കെത്തും. 90 മിനിറ്റോളം നീണ്ടുനിൽക്കുന്ന കലാപരിപാടികളാണ് അരങ്ങേറുക.