വീൽച്ചെയർ സൗകര്യം ലഭ്യമാകാതിരുന്നതിനെ തുടർന്ന് മുംബൈയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് നടന്ന് വരുന്നതിനിടെ 80കാരനായ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു.
ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക് എത്തിയ എയർ ഇന്ത്യ വിമാനത്തിൽ വീൽച്ചെയർ യാത്രക്കാരായാണ് 80കാരനും അദ്ദേഹത്തിൻ്റെ ഭാര്യയും ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ മുംബൈ വിമാനത്താവളത്തിൽ ഇവർക്ക് വീൽച്ചെയർ സൗകര്യം ലഭിക്കാൻ കാത്തിരിക്കണമെന്ന് എയര്‍ ഇന്ത്യ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. വീല്‍ച്ചെയറിന്റെ അപര്യാപ്തതയെ തുടര്‍ന്ന് യാത്രക്കാരോട് കാത്തിരിക്കാന്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം നടക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് നടന്നുവന്ന ഇദ്ദേഹം മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറിൽ വെച്ചാണ് കുഴഞ്ഞുവീണത്. വീൽച്ചെയറിൻ്റെ അഭാവത്തെ തുടർന്ന് ഭാര്യക്ക് മാത്രമാണ് വീൽച്ചെയർ ലഭിച്ചത്. ഭർത്താവ് ടെർമിനലിലേക്ക് നടക്കേണ്ടി വന്നു. 1.5 കിലോമീറ്റർ നടന്ന് ഇമിഗ്രേഷൻ ഏരിയയിലേക്ക് എത്തിയപ്പോഴേക്കും ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
അമേരിക്കൻ പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജരാണ് ഇരുവരും. മുംബൈയിലേക്ക് എത്തിയ എയർ ഇന്ത്യ AI 116 വിമാനത്തിൽ ഇക്കണോമി ക്ലാസാണ് ഇവർ ബുക്ക് ചെയ്തിരുന്നത്. ആദ്യം ഇദ്ദേഹത്തെ മുംബൈ വിമാനത്താവളത്തിലെ മെഡിക്കൽ വിഭാഗത്തിലേക്കും പിന്നാലെ നനാവതി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.